നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു, ആകെ മരണം അഞ്ചായി

 നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത് (28) ആണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരണ സംഖ്യ അഞ്ചായി.

ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്ബാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ് (32), കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ റോഡ് സ്വദേശി സന്ദീപ് (38) എന്നിവർ നേരത്തെ മരിച്ചിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്ബലം ശ്രീ വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. 150പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതിനായി ഒരു കോടി രൂപ അനുവദിച്ചുള്ള ഉത്തരവ് നേരത്തെയിറങ്ങിയിരുന്നു. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇതുമായി ബന്ധപ്പെട്ട്‌ തീരുമാനമെടുത്തത്.

അതേസമയം, വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ എന്നിവരുടെ ജാമ്യം സ്വമേധയ റദ്ദാക്കിയ നടപടി ജില്ലാസെഷൻസ് കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ ഹോസ്ദുർഗ് സി ജെ എം കോടതിക്ക് നിർദ്ദേശം നല്‍കി. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ഹൊസ്ദുർഗ് കോടതി നല്‍കിയ ജാമ്യമാണ് ജില്ലാ കോടതി റദ്ദാക്കിയത്. വെടി പൊട്ടിക്കാൻ നേതൃത്വം നല്‍കിയ പള്ളിക്കര രാജേഷും വിജയനും ഇപ്പോഴും ജയിലില്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *