ശീതകാല സീസണിലെ ആദ്യ ക്രൂസ് കപ്പലിനെ സ്വാഗതം ചെയ്ത് മുസന്ദം ഗവർണറേറ്റ്. ദുബൈയില്‍നിന്ന് മസ്കത്തിലേക്കുള്ള യാത്രാമധ്യേയാണ് കപ്പല്‍ ഖസബില്‍ നങ്കൂരമിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 638 വിനോദസഞ്ചാരികളും 1,180 ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. മുസന്ദത്തിന്റെ സമ്ബന്നമായ പൈതൃകത്തെ വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു സഞ്ചാരികള്‍ക്കുള്ള സ്വാഗത പരിപാടി.
പരമ്ബരാഗത പ്രകടനങ്ങളും പ്രാദേശിക കരകൗശലത്തൊഴിലാളികള്‍, ഉല്പാദനക്ഷമതയുള്ള കുടുംബങ്ങള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയെ ശ്രദ്ധയില്‍പ്പെടുത്തുന്ന ഒരു പ്രദർശനവും ഒരുക്കിയിരുന്നു. ഖസബ് കോട്ട, പുരാവസ്തു ലാൻഡ്മാർക്കുകള്‍, സമുദ്ര ദ്വീപുകളിലേക്കുള്ള പരമ്ബരാഗത ബോട്ട് യാത്രകള്‍ എന്നിവയുള്‍പ്പെടെ മുസന്ദത്തിന്റെ ചരിത്രപരവും മനോഹരവുമായ ആകർഷണങ്ങള് ഉയർത്തിക്കാട്ടുന്ന യാത്രയും സഞ്ചാരികള്‍ ആസ്വദിച്ചു.
മുസന്ദം വിന്റർ സീസണിലെ ക്രൂസ് കപ്പലുകളുടെ വരവ് വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിലും പ്രാദേശിക സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുമെന്ന് മുസന്ദം പൈതൃക വിനോദസഞ്ചാര വകുപ്പിലെ അഹമ്മദ് ബിൻ മുഹമ്മദ് അല്‍ കംസാരി അഭിപ്രായപ്പെട്ടു.
വിനോദസഞ്ചാര നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ആഗോളതലത്തില്‍ മുസന്ദമിന്റെ പ്രകൃതി സൗന്ദര്യവും ഒമാനി പൈതൃകവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2024-2025 സീസണില്‍ 46 ക്രൂസ് കപ്പലുകള്‍ ഖസബ് തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ 52 ക്രൂസ് കപ്പലുകളിലടെ 76,156 വിനോദസഞ്ചാരികളെയാണ് സ്വാഗതം ചെയ്തത്.