കാട്ടാനകള്‍ പതിവായി വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തുന്നതോടെ ഭീതിയില്‍ കഴിയുകയാണ് ചോക്കാട് നാല്‍പത് സെന്റിലെ ആദിവാസി കുടുംബങ്ങള്‍.
കഴിഞ്ഞദിവസം വനാതിർത്തിയോട് ചേർന്ന വീടുകള്‍ക്ക് സമീപം ആനക്കൂട്ടമെത്തി ഏറെനേരം ചിന്നം വിളിച്ച് നിന്നു. കൊട്ടൻ ചോക്കാടൻ മലവാരത്തില്‍ നിന്നും നെല്ലിക്കരയില്‍ നിന്നും കൂട്ടത്തോടെ ഇറങ്ങിയ ആനകള്‍ ആദിവാസികളുടെ വീട്ടുമുറ്റത്ത് ഇറങ്ങുന്നത് നിത്യസംഭവമായി.
തലനാരിഴക്കാണ് വീടിനുള്ളില്‍ ആദിവാസികള്‍ രക്ഷപ്പെടുന്നത്. വീടിനു ചുറ്റുമുള്ള വാഴകളും മറ്റും പാടെ നശിപ്പിച്ചു. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയില്‍നിന്ന് രക്ഷനേടുന്നതിന് നഗറിന്റെ കിഴക്കുഭാഗത്ത് ആന മതിലും, വൈദ്യുതി വേലികളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ആന മതില്‍ ചിലയിടങ്ങളില്‍ കാട്ടാനകള്‍ തകർത്തു. വൈദ്യുതി വേലിയും ഉപയോഗശൂന്യമായി.
കാട്ടാനകളുടെ അക്രമണം ആദിവാസികളുടെ ജീവനു ഭീഷണിയായി മാറി. ഇവരുടെ വീടുകള്‍ക്ക് സമീപത്തെ വൈദ്യുതി ലൈറ്റുകള്‍ ഒന്നു പോലും പ്രകാശിക്കുന്നില്ല.
പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ആനമതില്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇവർ താമസിക്കുന്ന സ്ഥലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വനത്തില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നത്.