‘കങ്കുവ’യ്ക്ക് ടിക്കറ്റെടുക്കുന്നതിന് മുൻപ് തമിഴിലെ ഈ 4 ഫാന്റസി ചിത്രങ്ങള്‍ കൂടി കാണണം

ഭാഷാഭേദമന്യേ ഫാന്റസി ചിത്രങ്ങള്‍ക്ക് വലിയൊരു ആരാധകനിര തന്നെയുണ്ട്. അതിന് തെളിവാണ് ഫാൻ്റസി ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന വൻ സ്വീകാര്യത.

മുൻപൊക്കെ മലയാളത്തിലും തമിഴിലുമൊക്കെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ഈ വിഭാഗത്തില്‍ പുറത്തിറങ്ങിയിരുന്നുള്ളൂ. പലപ്പോഴും ബിഗ് ബജറ്റ് തന്നെയായിരുന്നു ഇത്തരം സിനിമകളില്‍ നിന്ന് നിർമാതാക്കളെ പിന്നോട്ട് വലിച്ചിരുന്ന ഒരു കാരണം.

നൂതന സാങ്കേതിക വിദ്യയുടെ വരവോടെ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പത്തിലായി. ഇതോടെ ഫാന്റസി വിഭാഗത്തില്‍ എത്തുന്ന ചിത്രങ്ങളുടെ എണ്ണവും കൂടി വരുകയാണ്. ഇക്കൂട്ടത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായെത്തുന്ന കങ്കുവ. ആക്ഷൻ – ഫാന്റസി വിഭാഗത്തിലൊരുങ്ങുന്ന കങ്കുവ ഈ മാസം 14ന് റിലീസിനൊരുങ്ങുകയാണ്.

രണ്ട് കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് തിയോഡോർ എന്നീ ഇരട്ട വേഷങ്ങളിലാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതും. ഇന്ത്യൻ സിനിമയില്‍ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്. കങ്കുവ എന്ന ദൃശ്യ വിസ്മയം കാണാൻ പോകുന്നതിന് മുൻപ്, തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ചില ഫാന്റസി സിനിമകളെക്കുറിച്ച്‌ കൂടുതലറിയാം.

കാഷ്മോറ

നയൻതാര, കാർത്തി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ചിത്രമാണ് കാഷ്മോറ. രാജ് നായക്, കാഷ്മോറ എന്നീ ഇരട്ട വേഷങ്ങളിലാണ് ചിത്രത്തില്‍ കാർത്തിയെത്തിയത്. ഹൊറർ, ആക്ഷൻ, കോമഡി എല്ലാം കൂടിച്ചേർന്ന ചിത്രമായിരുന്നു ഇത്. ബോക്സോഫീസില്‍ വൻ പരാജയമായി മാറി ചിത്രം.

മാവീരൻ

മഡോണ്‍ അശ്വിൻ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവകാർത്തികേയനായിരുന്നു നായകനായെത്തിയത്. അദിതി ശങ്കർ, മിഷ്‌കിൻ, യോഗി ബാബു, സുനില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. കാർട്ടൂണിസ്റ്റ് സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എസ്കെ എത്തിയത്. ബോക്സോഫീസില്‍ മികച്ച കളക്ഷൻ നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു മാവീരൻ.

ടെഡി

ടൈറ്റില്‍ റോളില്‍ ഒരു ടെഡി ബിയറും നടൻ ആര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ടെഡി. സയേഷ, സതീഷ്, കരുണാകരൻ, മഗിഴ് തിരുമേനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ഒരു ആനിമേഷൻ കഥാപാത്രത്തെ ഒരുക്കാൻ ആദ്യമായി ഇന്ത്യൻ ആനിമേഷൻ കമ്ബനിയെ സമീപിച്ച ചിത്രം കൂടിയായിരുന്നു ഇത്. രജനികാന്തിന്റെ കൊച്ചടിയാന് ശേഷം തമിഴിലെ രണ്ടാമത്തെ മോഷൻ ക്യാപ്ചർ ചിത്രവും ടെഡി ആയിരുന്നു.

ഇരണ്ടം ഉലകം

സെല്‍വരാഘവൻ രചനയും സംവിധാനവും നിർവഹിച്ച്‌ 2013 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരണ്ടം ഉലകം. ആര്യയും അനുഷ്‌ക ഷെട്ടിയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. രണ്ട് ലോകത്ത് നടക്കുന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്. 55 കോടി ബജറ്റിലായിരുന്നു ചിത്രമൊരുങ്ങിയത്. സമ്മിശ്ര പ്രതികരണവും ചിത്രം നേടി.

Leave a Reply

Your email address will not be published. Required fields are marked *