മലപ്പുറത്ത് കാട്ടാനയുടെ ജഡം; ആക്രമിച്ചത് കടുവയെന്ന് സൂചന

വഴിക്കടവില്‍ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിലെന്ന് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ജഡത്തിന് സമീപം കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.

ഇന്നലെയാണ് പുഞ്ചക്കൊല്ലി റബ്ബർ പ്ലാന്റേഷന് സമീപത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ആനയുടെ കാലിലും തലയിലും ഉള്‍പ്പെടെ മാരകമായ മുറിവുകളുള്ളതായി കണ്ടെത്തി. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെയാണ് ആനയെ ആക്രമിച്ചത് കടുവയാണെന്ന നിഗമനത്തിലെത്തിയത്.

പ്രദേശത്ത് കാട്ടാന ശല്യവും കടുവയുടെ ശല്യവും വ്യാപകമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ആട് ഉള്‍പ്പെടെയുള്ള വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ച സംഭവങ്ങള്‍ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ പിടികൂടുന്നതിനായി കൂടുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മറ്റ് നടപടികള്‍ക്ക് ശേഷം ആനയെ സംസ്‌കരിച്ചതായി വനപാലകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *