ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല. ഇസ്രായേല്‍ സൈന്യത്തിന് നേരെ ഹിസ്ബുല്ല മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരകമായ ജിഹാദ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകള്‍ ആദ്യമായാണ് ഹിസ്ബുല്ല പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറില്‍ നടന്ന ഇറാന്റെ സൈനിക പരേഡില്‍ ജിഹാദ് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഹൈഫയിലെ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. മറൗണ്‍ അല്‍-റാസിലെ സൈനിക താവളത്തിന് നേരെ തുടര്‍ച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേല്‍ സൈനികര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെര്‍മന്‍ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്‌സിലുള്ള ആസ്ഥാനവും മെറോന്‍ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്‌മോനയിലെ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ റോക്കറ്റ് ആക്രമണവും നടന്നു.