ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന സൗജന്യ കുടിവെള്ളം നിര്ത്തലാക്കാനെരുങ്ങി വാട്ടര്‍ അതോറിറ്റി.
സര്‍ക്കാരില്‍ നിന്നും കുടിശിക ഇനത്തില്‍ കോടികള്‍ ലഭിക്കാനുണ്ടെന്നും അതാണ് ഇങ്ങനെ ഒരു നടപടിയിലേക്ക് പോകുന്നതെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ ന്യായീകരണം.
അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. 8,69,500 ബിപിഎല്‍ ഉപഭോക്താക്കള്‍ക്കാണ് സൗജന്യമായി കുടിവെള്ളം ലഭിക്കുന്നത്. ഓരോ ഉപഭോക്താവിനും 15,000 ലിറ്റര്‍വരെ കുടിവെള്ളമാണ് സൗജന്യമായി നല്‍കിയിരുന്നത്. ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 123.88 കോടി രൂപയാണ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ളത്. 15 വര്‍ഷമായി ഒരു രൂപ പോലും നല്‍കിയില്ല. അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടിവന്നതെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. വാട്ടര്‍ അതോറിറ്റി എംഡി ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ കുടിശിക തുക ലഭിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും അധിക നോണ്‍ പ്ലാന്‍ ഗ്രാന്റായി ഇത് അടിയന്തരമായി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയൊന്നും ഉണ്ടായില്ല. പുതിയ അപേക്ഷകളും തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ രണ്ട് ബജറ്റുകളിലും സൗജന്യകുടിവെള്ള പദ്ധതിക്കായി വകയിരുത്തിയ 460.61 കോടി രൂപ പോലും നല്കാന് തയാറായിട്ടില്ല.