ലോകത്തെ അദ്ഭുതകരവും മനോഹരവുമായ 100 ഭൂവടയാളങ്ങളില്‍ ഒന്നായി ത്വാഇഫിലെ അല്‍ വഹ്ബ ക്രേറ്ററിനെ (അഗ്നിപർവത മുഖം) അംഗീകരിക്കാൻ നടപടി ആരംഭിച്ച് യുനെസ്കോ.ത്വാഇഫിന്റെ വടക്കുകിഴക്കു ഭാഗത്തായി 260 കിലോമീറ്റർ അകലെ ‘ഹരാത് കിഷബ്’ പർവത മടക്കിലാണ് ഈ അഗ്നിപർവത ചുഴി. ലാവ പൊട്ടിയൊലിച്ചതിന്റെ മുറിപ്പാടാണ് ഈ ഗർത്തം.അദ്ഭുതപ്പെടുത്തുന്ന ജിയോളജിക്കല്‍ ഹെറിറ്റേജ് സൈറ്റുകളില്‍ ഒന്നായാണ് അല്‍ വഹ്ബയെ ഇന്റർനാഷനല്‍ യൂനിയൻ ഓഫ് ജിയോളജിക്കല്‍ സയൻസും (ഐ.യു.ജി.എസ്) യുനൈറ്റഡ് നേഷൻസ് എജുക്കേഷനല്‍, സയന്റിഫിക് ആൻഡ് കള്‍ചറല്‍ ഓർഗനൈസേഷനും (യുനെസ്കോ) പരിഗണിക്കുന്നത്.സൗദി അറേബ്യ ഉള്‍പ്പെടെ 64 രാജ്യങ്ങള്‍ സമർപ്പിച്ച 174 ഭൂവടയാളങ്ങള്‍ സംബന്ധിച്ച നിർദേശങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 89 സ്ഥലങ്ങളില്‍ ഒന്നായാണ് അല്‍ വഹ്ബ പട്ടികയില്‍ ഇടംപിടിക്കാൻ ഒരുങ്ങുന്നതെന്ന് ഹെറിറ്റേജ് അതോറിറ്റി വക്താവ് താരിഖ് അബ അല്‍ ഖൈല്‍ പറഞ്ഞു. അമേരിക്ക, ഇറ്റലി, കാനഡ, ന്യൂസിലാൻഡ്, ചൈന, ഐസ്ലാൻഡ്, ഈജിപ്ത്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ ഏറ്റവും വലിയ അഗ്നിപർവത ഗർത്തമാണ് അല്‍ വഹ്ബ എന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്.ജിദ്ദയില്‍നിന്ന് ജുമൂം വഴി 365 കിലോമീറ്ററും തൂവല്‍ വഴി 447 കിലോമീറ്ററും ദൂരമുണ്ട് അല്‍ വഹ്ബയിലേക്ക്. നിലവില്‍ ഇത് പുരാവസ്തു കേന്ദ്രമായി സൗദി ഗവണ്‍മെൻറ് സംരക്ഷിക്കുകയാണ്. 250 മീറ്റർ ആഴവും 2.3 കിലോമീറ്റർ വ്യാസവുമുള്ള ഈ അഗ്നിപർവത ഗർത്തത്തിന് 11 ലക്ഷം വർഷം പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് അഗ്നിപർവത സ്ഫോടനമുണ്ടായി ‘മാഗ്മ’യും ഭൂഗർഭജലവും ലവണങ്ങളും പുറത്തേക്ക് പ്രവഹിച്ചാണ് ഗർത്തം ഉണ്ടായത് എന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.ലാവയുടെ പ്രതിപ്രവർത്തനം മൂലം ശക്തമായ വാതക പ്രസരണം സംഭവിക്കുകയും അതുവഴിയാണ് രണ്ട് കിലോമീറ്ററോളം വിസ്‌തീർണമുള്ള ഈ മഹാഗർത്തം രൂപപ്പെട്ടതെന്നും ഗവേഷകർ പറയുന്നു. ‘മഖ്ല ത്വമിയ്യ’ (ഫൂഹത്തുല്‍ വഹ്ബ) എന്നാണ് അറബി നാമം. അഗ്നിപർവത സ്ഫോടനം മൂലം ഭൗമോപരിതലത്തില്‍ രൂപപ്പെടുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ‘ക്രേറ്റർ’ എന്ന് വിളിക്കുന്നത്.ഗർത്തത്തിനുള്ളില്‍ വലിയ പാത്രത്തിെൻറ അടിഭാഗം പോലുള്ള ഭാഗത്ത് വെളുത്ത നിറത്തില്‍ ലാവ ഉറഞ്ഞുകിടക്കുന്നു. ഈ കാഴ്ച മനോഹരമാണ്. ഉരുക്ക് പോലുള്ള കറുത്ത ശിലകളാണ് ഈ പർവതപ്രദേശത്താകെയുള്ളത്. നിലവില്‍ അല്‍ വഹ്ബ വിനോദസഞ്ചാരികളുടെയും ഭൗമശാസ്ത്ര ഗവേഷകരുടെയും വിദ്യാർഥികളുടേയുമെല്ലാം ഇഷ്ടപ്രദേശമാണ്. ധാരാളം ആളുകള്‍ നിത്യേന ഇവിടെ എത്തുന്നുണ്ട്