കെങ്കേരിയില്‍ ആഡംബര കാറിടിച്ച് യുവതി മരിച്ചു. കെങ്കേരിയിലെ കെ. സന്ധ്യയാണ് (30) മരിച്ചത്. സംഭവത്തില്‍ കാർ ഓടിച്ച വീർ ശിവയുടെ മകൻ ധനുഷിനെതിരെ (20) പൊലീസ് നരഹത്യക്ക് കേസെടുത്തു.ധനുഷ് മദ്യലഹരിയിലാണ് മെഴ്സഡസ് ബെൻസ് ഓടിച്ചതെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.റോഡ് മുറിച്ചുകടക്കുകയായിരുന്ന സന്ധ്യയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ധനുഷിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തശേഷം പൊലീസില്‍ ഏല്പിക്കുകയായിരുന്നു.ഈയിടെയാണ് ധനുഷിന്റെ പിതാവ് ആഡംബര കാർ വാങ്ങിയത്. വാഹനം ഓടിച്ചു നോക്കാൻ എടുത്ത മകൻ സുഹൃത്തുമായി ചേർന്ന് യശ്വന്ത്പൂരിലെ മാളിലെത്തി മദ്യപിച്ചശേഷം ദീർഘ ഓട്ടത്തിനായി മൈസൂരുവിലേക്ക് പുറപ്പെട്ടതിനിടെയാണ് അപകടമുണ്ടായത്.