കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്

വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്.വനിത നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് അർധ രാത്രി പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.നഗരത്തിലെ ഹോട്ടലില്‍ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് എ.എസ്.പി അശ്വതി ജിജി അറിയിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചു.പരിശോധനക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.യു.ഡി.എഫ് സ്ഥാനാർഥി രാഹുലിനായി കാറില്‍ പണമെത്തിച്ചെന്നായിരുന്നു ആരോപണം. ബിന്ദു കൃഷ്ണയുടെ മുറിയില്‍ ആദ്യം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഷാനിമോള്‍ ഉസ്മാനെയും സമീപിച്ചു. എന്നാല്‍ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ നിലപാട്. തുടർന്ന് വനിതാ പൊലീസിനെ എത്തിച്ചാണ് പരിശോധന നടത്തിയത്. പരിശോധിച്ച മുറികളില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.സംഭവമറിഞ്ഞ് രാത്രി തന്നെ എംപിമാരായ വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്ബില്‍ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്ബിലിന്റെ പ്രതികരണം. ഇതിനിടെ പുറത്ത് സി.പി.എം, ബി.ജെ.പി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ സംഘർഷാവസ്ഥയായി.

Leave a Reply

Your email address will not be published. Required fields are marked *