ജില്ല ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ പുരുഷ മെഡിക്കല്‍ വാർഡില്‍ ആറു കിടക്കകളോടെ പ്രവർത്തിച്ചിരുന്ന കുട്ടികളുടെ പ്രത്യേക വാർഡ് മാതൃ-ശിശു ബ്ലോക്കില്‍ ജില്ല പഞ്ചായത്തിന്റെ പദ്ധതിയിലൂടെ സജ്ജീകരിച്ച വാർഡില്‍ 11 കിടക്കകളോടുകൂടി പ്രവർത്തനമാരംഭിച്ചു.
24 മണിക്കൂറും സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 10 കിടക്കകള്‍ കൂടി സജ്ജീകരിക്കാനുള്ള സൗകര്യം വാർഡില്‍ ലഭ്യമാണ്. കൂടാതെ മാതൃ-ശിശു ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള ഓപറേഷൻ തിയറ്റർ കോംപ്ലക്സ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങള്‍ നടന്നുവരുകയാണ്.
എം.പി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിക്കുന്ന കണ്ണ് ഓപറേഷൻ തിയറ്ററിന്റെ നവീകരണ പ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നിർമാണം പൂർത്തിയായി അഞ്ചുവർഷം കഴിഞ്ഞിട്ടും ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കിയിട്ടില്ലെന്ന പോരായ്‌മ നിലവിലുണ്ട്. ഇതിന് ജില്ല പഞ്ചായത്ത് ഫണ്ട് വെച്ച് പ്രവൃത്തി പുരോഗമിക്കുകയാണ്. അതു പൂർത്തിയാവുന്നതോടെ ലക്ഷ്യ പദ്ധതി പ്രകാരം സ്ത്രീകള്‍ക്കുള്ള വാർഡുകളും പൂർണമായി സജ്ജീകരിക്കപ്പെടും.
ആധുനിക സ്വകാര്യങ്ങളോടെ പ്രസവ വാർഡ്, പോസ്റ്റ് ഓപറേറ്റിവ് വാർഡ് എന്നിവയും നവജാത ശിശുവിനും അമ്മക്കും വേണ്ട പരിചരണങ്ങളും ഉറപ്പ് വരുത്തുന്നതാണ് ലക്ഷ്യ പദ്ധതി. അതേസമയം, കുട്ടികള്‍ക്ക് കൂടുതല്‍ കിടക്കകളോടെ വാർഡ് ആരംഭിക്കുമ്ബോഴും ആവശ്യമായ സ്റ്റാഫ് നഴ്സ്, മറ്റു പാരാമെഡിക്കല്‍ ജീവനക്കാർ എന്നിവരുടെ തസ്തിക വേണം. അതിനു സർക്കാർ കനിയണം.