മട്ടാഞ്ചേരിയില്‍ വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയ പോലീസിന് നേരേ സംഘംചേർന്ന് ആക്രമണം.
ഇതേതുടർന്ന് ജീപ്പില്‍ കയറ്റിയ പ്രതികളില്‍ ഒരാളെ ബന്ധുക്കള്‍ ചേർന്ന് ബലമായി മോചിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ മട്ടാഞ്ചേരി ബസാർ റോഡില്‍ കല്‍വത്തി പാലത്തിന് സമീപമാണ് സംഭവം. വിദേശ വനിതകളെ ശല്യം ചെയ്യുന്നതായി മട്ടാഞ്ചേരി സ്റ്റേഷനില്‍ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടർന്ന് സീനിയർ സിവില്‍ പോലീസ് ഓഫീസർ ആർ. സിബിയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. ആ സമയത്ത് പാലത്തിലിരിക്കുകയായിരുന്നവരോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഇവർ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസർമാരായ അരുണ്‍ ഭാസി, അഫ്സല് എന്നിവർക്ക് പരിക്കേറ്റു.
ഇതിനിടെ പ്രതികളില്‍ ഒരാളെ പോലീസ് ജീപ്പില്‍ കയറ്റി. എന്നാല്‍ ഇയാളുടെ ബന്ധുക്കള്‍ ചേർന്ന് പ്രതിയെ ബലമായി മോചിപ്പിക്കുകയും സീനിയർ സിവില്‍ പോലീസ് ഓഫീസർ സിബിയെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 12 പേർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കി.