ലാഹോറിലും കനത്ത പുകമഞ്ഞ്: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ മന്ത്രി

ന്യൂഡല്‍ഹിക്കു പുറമെ പാകിസ്താൻ നഗരമായ ലാഹാറിലും കനത്ത പുകമഞ്ഞ്. ഞായറാഴ്ച വാർത്താ സമ്മേളനത്തില്‍ സംസാരിക്കവേ പഞ്ചാബ് പ്രവിശ്യയിലെ മുതിർന്ന മന്ത്രി മറിയം ഔറംഗസേബ് മലിനീകരണ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി.

മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് അവർ അറിയിച്ചു. ഇന്ത്യൻ നഗരത്തിലെ വിഷപ്പുക കാണമാണ് ലാഹോറിലും അന്തരീക്ഷം മലിനമായതെന്ന് അവർ പറഞ്ഞു.

ലാഹോറില്‍ 2025 ജനുവരി വരെ സ്കൂള്‍ കുട്ടികള്‍ പുറത്തു കളിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങള്‍ നിർത്തിവെക്കുകയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫിസ് സമയം പരിമിതപ്പെടുത്തുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളുടെ പട്ടികയില്‍ ലാഹോർ രണ്ടാം തവണയും ഒന്നാമതെത്തി. കഴിഞ്ഞ ദിവസം, നഗരത്തിലെ വായു ഗുണനിലവാര സൂചിക 1,067 ആയി ഉയർന്നു.

റെക്കോഡ് മലിനീകരണത്തിന്റെ ഫലമായി തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് സ്കൂള്‍ അടച്ചു. അതേസമയം സർക്കാർ, സ്വകാര്യ കമ്ബനികളിലെ 50 ശതമാനം ജീവനക്കാരോട് ‘ഗ്രീൻ ലോക്ക്ഡൗണിന്റെ’ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു.

ലാഹോർ നിവാസികളോട് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും മന്ത്രി അഭ്യർഥിച്ചു.

പഞ്ചാബ് ഉദ്യോഗസ്ഥനായ രാജാ ജഹാംഗീർ അൻവർ, ഇന്ത്യയില്‍ കുറ്റിക്കാടുകള്‍ കത്തിക്കുന്നത് വായു മലിനീകരണത്തിന്റെ പ്രധാന സംഭാവനയാണെന്നു വിശേഷിപ്പിച്ചു.

കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, ഇരുരാജ്യങ്ങളുടെയും പൊതുശത്രു എന്ന് വിശേഷിപ്പിച്ച പുകമഞ്ഞിനെതിരെ ഇന്ത്യയുമായി യോജിച്ച്‌ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *