ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ അധികാരത്തിലുള്ള സർക്കാർ നക്‌സലിസത്തിന് വളം വച്ചു കൊടുക്കുന്നവരാണെന്നുള്ള വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ജെഎംഎം സഖ്യത്തെ കടന്നാക്രമിച്ച അമിത് ഷാ, ഝാർഖണ്ഡില്‍ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഛത്രയിലെ സിമാരിയയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 2026ഓടെ നക്‌സലിസം എന്ന വിപത്തിനെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് നക്‌സലിസത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണ് ഝാർഖണ്ഡിലുള്ളത്. ദളിതർക്കും, ആദിവാസികള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും, യുവാക്കള്‍ക്കുമെല്ലാം എതിരായി നില്‍ക്കുന്ന ഹേമന്ത് സോറൻ സർക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയറിക്കാനുള്ള സമയമായിരിക്കുകയാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി അനുവദിക്കുന്ന ഫണ്ട് ഒരു മടിയുമില്ലാതെ സോറൻ സർക്കാർ വകമാറ്റുകയാണ്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ അഴിമതിക്കാരായ എല്ലാ നേതാക്കളെയും നിയമത്തിന് മുന്നില്‍ എത്തിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഝാർഖണ്ഡിനെ തുടച്ചുനീക്കാൻ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2026ഓടെ ഇന്ത്യയില്‍ നിന്ന് തന്നെ ഈ വിപത്തിനെ പൂർണമായും തുടത്തു നീക്കും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ എൻഡിഎ സഖ്യത്തെ വലിയ രീതിയില്‍ പിന്തുണച്ചു. ഇനിയും ഈ പിന്തുണ ജനങ്ങളോട് തേടുകയാണ്. അങ്ങനെയെങ്കില്‍ 81ല്‍ 52 സീറ്റും ഞങ്ങള്‍ സ്വന്തമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14 പാർലമെന്റ് മണ്ഡലങ്ങളില്‍ ഒൻപതും എൻഡിഎയ്‌ക്ക് ലഭിച്ചു. സംസ്ഥാനത്തെ നല്ലൊരു ശതമാനം വോട്ടും തങ്ങള്‍ക്ക് അനുകൂലമാണെന്നും” അദ്ദേഹം പറയുന്നു. ഈ മാസം 13,20 തിയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.