ലഹരി മരുന്ന് കുത്തിവെച്ച് രോഗിയെ ബലാത്സംഗം ചെയ്ത ഡോക്ടർ പിടിയില്‍. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരുൻഹട്ട് ഏരിയയിലാണ് സംഭവം.സംഭവത്തില്‍ നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി എത്തിയ യുവതിയോട് കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചപ്പോള്‍ നിർബന്ധിച്ച് ഡോക്ടർ കുത്തിവെപ്പെടുത്തു. പിന്നാലെ ബോധരഹിതയായ യുവതി ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായെന്ന് മനസ്സിലാക്കിയത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഡോക്ടർ മൊബൈലില്‍ പകർത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തി. തുടന്ന് യുവതിയും ഭർത്താവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടുന്ന കേസുകളില്‍ വധശിക്ഷ നിർബന്ധമാക്കണമെന്ന പുതിയ ബില്‍ കഴിഞ്ഞ മാസം പശ്ചിമ ബംഗാള്‍ സർക്കാർ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.