ഹണി ട്രാപ് കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിനെതിരേ വീണ്ടും സമാന പരാതി. പുനലൂർ സ്വദേശിയായ ബിസിനസുകാരൻ സതീശനാണ് അശ്വതിക്കെതിരേ പുതിയ പരാതി നല്‍കിയിരിക്കുന്നത്.സതീശനെതിരേ ഈ വർഷം ആദ്യം അശ്വതി മെഡിക്കല്‍ കോളേജ് പോലീസില്‍ നല്‍കിയ പരാതിയിലും കേസെടുത്തിരുന്നു. ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അശ്വതിയുടെ പരാതി. ഈ കേസില്‍ സതീശൻ മുൻകൂർ ജാമ്യവും എടുത്തിരുന്നു.തുടർന്ന് സതീശൻ മൂന്ന് ദിവസം മുൻപ് നല്‍കിയ പരാതിയിലാണ് അശ്വതിക്കെതിരേ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. അശ്വതി, സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ രാജേഷ് എന്നിവർക്കെതിരേയാണ് കേസ്.അശ്വതി അച്ചു സാമൂഹികമാധ്യമത്തില്‍ വ്യാജപ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച് പണം തട്ടിച്ചെന്നാണ് സതീശന്റെ പരാതി. വാടകയ്ക്ക് ഫ്ളാറ്റ് വേണമെന്നാവശ്യപ്പെട്ടാണ് അശ്വതി സമീപിച്ചത്. അശ്വതിയേയും കൂട്ടി സുഹൃത്തിന്റെ കുമാരപുരത്തുള്ള ഫ്ളാറ്റ് കാണിക്കാനെത്തി. ഫ്ളാറ്റില്‍വച്ച് മനഃപൂർവം അടുപ്പം കാണിച്ച് ഈ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകർത്തിയാണ് അശ്വതി ഭീഷണിപ്പെടുത്തിയതെന്നാണ് സതീശന്റെ പരാതി.ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒടുവില്‍ സതീശൻ 25,000 രൂപ നല്‍കി. ബാക്കി തുക ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി. പണം ആവശ്യപ്പെട്ട് രാജേഷ് എന്ന പേരിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ രാജേഷ് എന്നയാള്‍ വിളിച്ച ഫോണ്‍ നമ്ബർ അശ്വതിയുടെ പേരിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.അശ്വതിയുടെ പരാതിക്കെതിരായ ആരോപണമായതിനാല്‍ വിശദമായ അന്വേഷണത്തിനു ശേഷമേ അറസ്റ്റടക്കമുള്ള തുടർ നടപടികളുണ്ടാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.വിവാഹവാഗ്ദാനം നല്‍കി പൂവാർ സ്വദേശിയില്‍നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസില്‍ അശ്വതിയെ നേരത്തെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.