ചെങ്കടലിലും അറബിക്കടലിലും കപ്പലുകളെ ലക്ഷ്യമിട്ട് മൂന്ന് ഓപ്പറേഷനുകള്‍ നടത്തിയതായി യെമനിലെ ഹൂതികള്‍ അറിയിച്ചു.
ചെങ്കടലിലെ മൊട്ടാരോയിലും ബാബ് അല്‍ മന്ദിബ് കടലിടുക്കിലും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് അവർ പറഞ്ഞു.
അറബിക്കടലിലുണ്ടായിരുന്ന മെഴ്‌സ്‌ക് കൗലൂണിനെ മിസൈലും എസ്.സി മോണ്‍ട്രിയലിനെ രണ്ട് ഡ്രോണുകളും ഉപയോഗിച്ചാണ് തങ്ങള്‍ ആക്രമിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരിയ ടെലിവിഷൻ സന്ദേശത്തില്‍ പറഞ്ഞു.
ചെങ്കടലിനെ ഏദൻ ഉള്‍ക്കടലില്‍ നിന്നും അറേബ്യാ ഉപഭൂഖണ്ഡത്തെ കിഴക്കൻ ആഫ്രിക്കയില്‍ നിന്നും വേർതിരിക്കുന്ന ബാബ് അല്‍ മന്ദിബ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഒരു കപ്പലിനുനേർക്കുള്ള ആക്രമണം റിപ്പോർട്ട് ചെയ്തെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍റർ അറിയിച്ചു. എന്നാല്‍, കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും സെന്‍റർ കൂട്ടിച്ചേർത്തു. കപ്പലിന് സമീപം രണ്ട് സ്ഫോടനങ്ങള്‍ നടന്നതായി ക്യാപ്റ്റനും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 90 ലധികം വ്യാപാര കപ്പലുകളെ ഹൂതികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. നാല് നാവികർ കൊല്ലപ്പെടുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും രണ്ടെണ്ണം മുക്കുകയും ചെയ്തു. പ്രതിവർഷം ഒരു ട്രില്യണ്‍ മൂല്യമുള്ള ചരക്കുകള്‍ ഇതു വഴി കടന്നുപോവുന്നുണ്ടെന്നാണ് കണക്ക്.
ഒക്‌ടോബർ 10ന് ലൈബീരിയൻ പതാക ഘടിപ്പിച്ച കെമിക്കല്‍ ടാങ്കറായ ‘ഒളിമ്ബിക് സ്പിരിറ്റിനെ’ ലക്ഷ്യമിട്ടായിരുന്നു അവസാന ഹൂതി ആക്രമണം. അതിനുശേഷം ഹൂതികള്‍ ആക്രമണത്തിന് താല്‍ക്കാലിക വിരാമമിട്ടിരുന്നു. ഒക്ടോബർ 17ന് വിമതർ ഉപയോഗിക്കുന്ന ഭൂഗർഭ ബങ്കറുകള്‍ ഉന്നമിടാൻ യു.എസ് സൈന്യം ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ വിന്യസിച്ചിരുന്നതായി റിപ്പോർട്ടുകള്‍ വന്നു.
ഗസ്സയിലെ ഹമാസിനെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാൻ സമ്മർദ്ദമേറ്റി ഇസ്രായേല്‍, യു.എസ്, യു.കെ എന്നിവയുമായി ബന്ധമുള്ള കപ്പലുകളെയാണ് വിമതർ ലക്ഷ്യമിടുന്നത്. ഒന്നിലധികം അമേരിക്കൻ എം.ക്യു-9 റീപ്പർ ഡ്രോണുകളും ഹൂതികള്‍ വെടിവെച്ചിട്ടിട്ടുണ്ട്.