എല്ലാവര്‍ക്കും ഇഷ്ടമുള്ളതും പൊതുവേ ആരോഗ്യകരമായി കരുതിപ്പോരുന്നതുമായ ഒന്നാണ് കപ്പലണ്ടി അഥവാ നിലക്കടല. ഇടനേരങ്ങളില്‍ കൊറിക്കാന്‍ വളരെ മികച്ച ഒരു ഭക്ഷണമാണിത്.
ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ, തയാമിനും നിയാസിനും റൈബോഫ്ലേവിനും ഫോളിക് ആസിഡും, ഫോസ്ഫറസ്, ഇരുമ്ബ്, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, ആന്‍റി ഓക്സിഡന്റുകള്‍ എന്നിവയുമുണ്ട്.
നിലക്കടലയിലെ ഉയർന്ന പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കഴിക്കുന്നത് ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയ നിലക്കടല ചർമത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും. എന്നാല്‍ മറ്റു ഭക്ഷണങ്ങള്‍ കഴിച്ച ശേഷം മേമ്ബൊടിയായി നിലക്കടല കഴിക്കുന്നത് ഭാരം കൂട്ടും.
ഗ്ലൈസീമിക് ഇൻഡെക്സും കാർബോ ഹൈഡ്രേറ്റും കുറഞ്ഞതായതിനാല്‍ നിലക്കടല പ്രമേഹരോഗികള്‍ക്കും നല്ലതാണ്. എന്നാല്‍ ഊർജം കൂടുതലായതിനാല്‍ ഇവ ധാരാളം കഴിക്കുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. കൂടാതെ കൂടുതല്‍ കഴിച്ചാല്‍, ചിലരില്‍ നെഞ്ചെരിച്ചിലും ഗ്യാസ് പ്രശ്നങ്ങളും ഉണ്ടാവാം. അതിനാല്‍ ഒരു ദിവസം ഒരുപിടി നിലക്കടല എന്ന തോതില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.
പ്രത്യേക രുചികള്‍ ചേര്‍ക്കാത്തതും സംസ്കരണത്തിന് വിധേയമാകാത്തതുമായ നിലക്കടലയാണ് എപ്പോഴും നല്ലത്. ഇതില്‍ അടങ്ങിയ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാന്‍ ഇത് പുഴുങ്ങി ഉപയോഗിക്കാം. വേവിക്കാത്ത നിലക്കടലയുടെ പകുതി കൊഴുപ്പ് മാത്രമേ വേവിച്ചതില്‍ ഉണ്ടാവൂ. വേവിച്ച നിലക്കടലയില്‍ കലോറിയും കുറവായിരിക്കും
ഇടനേരങ്ങളില്‍ കഴിക്കാന്‍ രുചികരമായ നിലക്കടല ചാട്ട് എളുപ്പത്തില്‍ തയ്യാറാക്കാം. ഇതിനായി കുറച്ച് നിലക്കടല എടുത്ത് കുക്കറില്‍ ഇട്ടു വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് തക്കാളി, സവാള, പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞിടുക. നാരങ്ങാനീരും ഉപ്പും കൂടി ചേര്‍ത്ത ശേഷം, നന്നായി മിക്സ് ചെയ്ത് കഴിക്കാം.
മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിലക്കടലയില്‍ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവില്‍ കഴിക്കുമ്ബോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ കൊഴുപ്പുകള്‍ ഊർജ്ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ, നിലക്കടലയില്‍ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ നാഡികളുടെ പ്രവർത്തനം, പേശികളുടെ ആരോഗ്യം, രക്തസമ്മർദ്ദം നിയന്ത്രിക്കല്‍ എന്നിവയെ പിന്തുണയ്ക്കുന്നു.