സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന് മുന്നറിയിപ്പ്. വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
കേരളത്തിലെ മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുകള്‍ നിലവിലുള്ളത്. ഒക്ടോബർ 25 വെള്ളിയാഴ്‌ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. കാലവർഷം പിൻവാങ്ങിയെങ്കിലും കേരളത്തില്‍ തുലാവർഷം പൂർവാധികം ശക്തിയോടെ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മഴ സാഹചര്യങ്ങളില്‍ കാര്യമായ കുറവ് വരാതെ നില്‍ക്കുന്നത് എന്നാണ് വിലയിരുത്തല്‍.
അതേസമയം, മധ്യ-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ കടലിനും മുകളിലായി കഴിഞ്ഞ ദിവസം ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നും നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ‘ദന’ എന്ന പേരിലാണ് സീസണിലെ ആദ്യ ചുഴലിക്കാറ്റിനെ അറിയപ്പെടുന്നത്.
സൗദി അറേബ്യയാണ് ‘ദന’ ചുഴലിക്കാറ്റിന് ഈ പേര് നല്‍കിയത്. എന്നാല്‍ കേരളത്തില്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തല്‍. ദന ചുഴലിക്കാറ്റ് വ്യാഴാഴ്‌ചയോടെ ഒഡിഷ-ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. ഈ തീരങ്ങളില്‍ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടാതെ മധ്യ കിഴക്കൻ അറബിക്കടലില്‍ കർണാടക തീരത്തിന് മുകളിലായും ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. തമിഴ്‌നാടിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ മഴ ശമിക്കാൻ ഇടയില്ല.
നിലവില്‍ വടക്കൻ ജില്ലകളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയില്‍ കുറവുണ്ട്. കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയ്ക്ക് ശമനമായിട്ടുണ്ട്. എങ്കിലും പൂർണമായി തെളിഞ്ഞ കാലാവസ്ഥയാണെന്ന് പറയാൻ കഴിയില്ല. വൈകുന്നേരങ്ങളില്‍ നേരിയ മഴ പെയ്യുന്ന സാഹചര്യവും നിലവിലുണ്ട്.