തുലാവര്‍ഷം: ചാലക്കുടിപ്പുഴയിലെ ഡാമുകളിലെ അധികജലം ഒഴിവാക്കാൻ നിര്‍ദേശം

തുലാവർഷം ശക്തമാകും മുമ്ബ് ചാലക്കുടിപ്പുഴയിലെ ഡാമുകളിലെ അധികജലം ഒഴിവാക്കാൻ കലക്‌ടറുടെ നിർദേശം. ഡാമുകളിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

തുലാവർഷം കനത്താല്‍ അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ട് ചാലക്കുടിപ്പുഴയില്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. ഇതു പ്രകാരം ഷോളയാർ ഡാമില്‍നിന്നും പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും നിയന്ത്രിതമായ അളവില്‍ ജലം വരും ദിവസങ്ങളില്‍ തുറന്നു വിട്ടേക്കാം. പെരിങ്ങലില്‍ വൈദ്യുതോല്‍പ്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അല്‍പം ഉയർന്നിട്ടുണ്ട്.

പെരിങ്ങല്‍കുത്ത് മേഖലയില്‍ ചെറിയ രീതിയില്‍ മഴ പെയ്യുന്നുണ്ട്. ഷോളയാർ മേഖലയില്‍ ഭേദപ്പെട്ട മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഷോളയാറില്‍ 56 എം.എം മഴ പെയ്തിരുന്നു. ഷോളയാർ റിസർവോയറിലെ 19 ശനിയാഴ്ച ജലനിരപ്പ് 2662.10 അടിയായിരുന്നു. ഡാമില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് നിലവില്‍ മഴപ്പെയ്യുന്നില്ലെങ്കിലും ചെറിയ തോതില്‍ നീരൊഴുക്കുണ്ടെന്നും വരുംദിവസങ്ങളില്‍ മഴപെയ്ത് നീരൊഴുക്ക് വർധിച്ച്‌ ഡാമിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയായ 2663 അടിയില്‍ എത്താനിടയുണ്ടെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ ഡാമില്‍ നിന്നും ഘട്ടം ഘട്ടമായി പരമാവധി 100 ക്യുമെക്സ് വരെ അധികജലം തുറന്നുവിടുന്നതിന് കലക്ടർ നിർദേശിച്ചിട്ടുണ്ട്.

ഷോളയാറിലെ അധികജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കാനാണ് നിർദേശം. പകല്‍ സമയം രാവിലെ ആറിന് ശേഷവും വൈകീട്ട് ആറ് മണിക്ക് മുൻപുമുള്ള സമയത്തും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയും മാത്രം കേരള ഷോളയാർ ഡാമിലെ ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇടമലയാർ റിസർച്ച്‌ ആൻഡ് ഡാം സേഫ്റ്റി ഡിവിഷൻ നമ്ബർ-രണ്ട് അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് കലക്ടർ ഉത്തരവ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *