പാലാക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാറില് നിന്നും പ്രയാസമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പാലക്കാട്ടെ മുസ്ലിം സമൂഹത്തില്‍ ഒരു വിഭാഗം തന്നെ പറയുന്നതെന്ന് പി.വി അൻവർ എം.എല്‍.എ.
കൃഷ്ണകുമാർ ബി.ജെ.പി സ്ഥാനാർഥിയാണെന്നത് ശരിയാണ്. എന്നാല്‍, സഹായത്തിനായി സമീപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരില്‍ നിന്നുണ്ടായ സമീപനത്തേക്കാള്‍ നല്ല പ്രതികരണം കൃഷ്ണകുമാറില് നിന്നും ലഭിച്ചുവെന്ന് പറയുന്നത് മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗമാണെന്നും അൻവർ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകില്ല. ഇത്തരത്തില്‍ യു.ഡി.എഫിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് പ്രതിഷേധം രേഖപ്പെടുത്താനായി തന്നോട് മിൻഹാജിനെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സിയുടെ വാതിലുകള്‍ പൂർണമായും അടഞ്ഞിട്ടില്ല. കെ.പി.സി.സിക്ക് വാതിലുകള്‍ മാത്രമല്ല ജനലുകളുമുണ്ട്. ജനലിലൂടെയും കെ.പി.സി.സിക്ക് ഓഫീസിലേക്ക് പ്രവേശിക്കാം. ബി.ജെ.പി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസിലെ പലരും പിന്തുണയറിയിച്ച് തന്നെ വിളിക്കുന്നുണ്ടെന്നും പി.വി അൻവർ പറഞ്ഞു.
യു.ഡി.എഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതിക. വർഷങ്ങളായി നിലവിലുള്ള കേരളത്തിലുള്ള പ്രധാനപ്പെട്ട ഒരു മുന്നണിയാണ് യു.ഡി.എഫ്. അതിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല. അൻവറുമായി ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെ പിൻവലിക്കാൻ അഭ്യർഥിക്കണമെന്ന് അൻവർ പറഞ്ഞു. അതനുസരിച്ചാണ് അഭ്യർഥന നടത്തിയത്. വേണമെങ്കില്‍ അൻവർ സ്ഥാനാർഥിയെ പിൻവലിക്കട്ടെ. അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.