സിഗ്‌നല്‍ സംവിധാനമില്ല പാര്‍ക്ക് ജങ്ഷനില്‍ നിരന്തരം അപകടങ്ങള്‍

പാര്‍ക്ക് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ലാത്തത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു.

പാര്‍ക്ക് ജങ്ഷന്‍ പാലം നവീകരിച്ചതോടെ മാര്‍ക്കറ്റില്‍നിന്നുള്ള വാഹനങ്ങള്‍ കൂടുതലായും ഇവിടെവന്നാണ് തിരിഞ്ഞുപോകുന്നത്. ഇവിടെ സിഗ്‌നല്‍ലൈറ്റോ ട്രാഫിക് പോലീസിന്റെ സേവനമോ ക്രമീകരിക്കാത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം.നഗരത്തിന്റെ പ്രവേശന കവാടവം പ്രധാന ജങ്ഷനുകളില്‍ ഒന്നാണ് പാര്‍ക്ക് ജങ്ഷന്‍. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുചക്രവാഹനക്കാരില്‍ പലരും ഇത് അവഗണിച്ചാണ് പോകുന്നത്. സ്‌കൂള്‍, രാവിലെയും വൈകിട്ടുമാണ് ഈ ഭാഗത്ത് തിരക്കു കൂടുതലായി അനുഭവപ്പെടുന്നത്.

പാര്‍ക്ക് മൈതാനത്തോടെ ചേര്‍ന്നുള്ള മാര്‍ക്കറ്റിലെ ചിലവ്യാപാരികള്‍ റോഡിലേക്കിറക്കി അനധികൃത നിര്‍മാണം നടത്തിയിരിക്കുന്നതിനാല്‍ ഇതുവഴി ഇരുചക്രവാഹനക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.പാര്‍ക്ക് ജങ്ഷന്‍ പാലത്തില്‍നിന്ന് ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. ലിങ്ക് റോഡും ഷഹീദാര്‍പള്ളി കുന്നത്താലുംമൂട് റോഡും കെപി. റോഡും വന്നുചേരുന്നത് പാര്‍ക്ക് ജങ്ഷനിലാണ്.

തിരക്കുള്ള സമയങ്ങളില്‍ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാം.ജങ്ഷനില്‍ റോഡിന്റെ മദ്ധ്യഭാഗത്തുള്ള അശാസ്ത്രീയമായ നിര്‍മാണം പൊളിച്ചുമാറ്റിയാല്‍ റോഡിനു വീതികിട്ടുകയും വാഹനങ്ങള്‍ വളഞ്ഞുപോകുന്നതിനും സഹായകരമാകും.ലിങ്ക് റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *