തമിഴില്‍ ഒട്ടനവധി ആരാധകരുള്ള സൂപ്പർ താരമാണ് സൂര്യ. തമിഴ് സിനിമയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് സൂര്യയുടെ പുതിയ ചിത്രമായ ‘കങ്കുവ’.
റിലീസിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്.വളരെ കാലത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കൂടിയാണ് ‘കങ്കുവ’.ചിത്രത്തിലെ സൂര്യയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു . സ്റ്റൈലിഷ് ലൂക്കിലുള്ള താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നത്.
രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ സൂര്യ എത്തുകയെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിലെ ഫ്ലാഷ്ബാക്ക് ഭാഗത്തുള്ള സൂര്യയുടെ ചിത്രങ്ങള്‍ അണിയറപ്രവർത്തകർ ആദ്യമേ പുറത്തുവിട്ടിരുന്നു. സിനിമയിലെ പുതിയ കാലത്തെ സൂര്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെള്ള കോട്ടിട്ട് ഒരു ചുവന്ന കാറിന് പുറത്തിരിക്കുന്ന സൂര്യയെയാണ് പുതിയ പോസ്റ്ററില്‍ കാണാനാകുക. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ യോളോയുടെ റിലീസിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവന്നത്. ഗാനം ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ‘കങ്കുവ’ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ശിവയ്ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോള്‍ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.