ഹിപ്ഹോപ് തമിഴ ആദി നായകനായി എത്തിയ സയൻസ് ഫിക്ഷൻ ചിത്രം ‘കടൈസി ഉലഗ പോർ’ ഒടിടി റിലീസിന്. സെപ്റ്റംബർ 20 ന് റിലീസ് ചെയ്ത ചിത്രം ഒരു മാസത്തിന് ശേഷം ഒക്ടോബർ 25 ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
തമിഴിലും തെലുങ്കിലും ചിത്രം സ്ട്രീം ചെയ്യും. മൂന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ആദി തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും. ഹിപ് ഹോപ്പ് ആദി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.
നേരത്തെ ഒക്ടോബർ 18 നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ദീപാവലിയോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. 2028 ലാണ് കടൈസി ഉലഗ പോരിന്റെ കഥ നടക്കുന്നത്. യുഎന്നിനെ മാറ്റി സ്ഥാപിക്കാൻ ശ്രമിക്കുന്ന ചൈനയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേരാനുള്ള വാഗ്ദാനം ഇന്ത്യ നിരസിക്കുന്നതും അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം
ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമെന്ന് ആദി പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ മനുഷ്യനും എ ഐയും തമ്മിലുള്ള പോരാട്ടവും മുന്നാം ലോക മഹായുദ്ധത്തിന് ശേഷം എന്ത് സംഭവിക്കുമെന്നുമാണ് പറയുന്നതെന്നും ആദി പറഞ്ഞിരുന്നു. നാസർ, നട്ടി, അനഘ, എൻ.അളഗൻ പെരുമാള്‍, ഹരീഷ് ഉത്തമൻ, മുനിഷ്കാന്ത്, സിംഗം പുലി, കല്യാണ്‍ മാസ്റ്റർ, ഇളങ്കോ കുമാരവേല്‍, തലൈവാസല്‍ വിജയ്, മഹാനടി ശങ്കർ, ഇളങ്കോ കുമരവേല്, വിനോദ് ജിഡി, ഗുഹൻ പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്