സൂപ്പര്‍ ലീഗ് കേരള: മലപ്പുറത്തിന് ഇന്ന് ജയിച്ചേതീരൂ, എതിരാളി തൃശൂര്‍

സൂപ്പർ ലീഗ് കേരളയില്‍ സെമിസാധ്യത നിലനിർത്താൻ ജീവന്മരണ പോരാട്ടത്തിന് മലപ്പുറം എഫ്.സി വെള്ളിയാഴ്ച ഇറങ്ങും.

പയ്യനാട് സ്റ്റേഡിയത്തില്‍ തൃശൂർ മാജിക് എഫ്.സിയുമാണ് പോരാട്ടം. രാത്രി 7.30ന് വിസില്‍ മുഴങ്ങും. വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. സമനിലപോലും പുറത്തേക്കുള്ള വഴിതുറക്കുമെന്നുറപ്പ്.

തൃശൂരിനാകട്ടെ നഷ്ടപ്പെടാനൊന്നുമില്ല. ലീഗിലെ ആദ്യജയം തേടിയാണ് തൃശൂർ ഇറങ്ങുന്നത്. ഏഴു റൗണ്ട് മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ പോയൻറ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് മലപ്പുറം. ഏഴു മത്സരങ്ങളില്‍ മൂന്നു വീതം സമനിലയും തോല്‍വിയുമായി ആറു പോയന്‍റാണ് സമ്ബാദ്യം. കൊച്ചിയുമായുള്ള മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. ഇനിയുള്ള കളികളില്‍ വെറുമൊരു ജയം മാത്രം പോര മലപ്പുറത്തിന്. വലിയ മാർജിനില്‍ ജയിച്ചാല്‍ മാത്രമേ ഗോള്‍ ശരാശരിയില്‍ മുന്നിലെത്താനാകൂ.

മികച്ച ആരാധക പിന്തുണ ലഭിച്ചിട്ടും പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാൻ ടീമിനായിട്ടില്ല. നായകൻ അനസ് എടത്തൊടികയടക്കം പ്രമുഖരായ ഏഴു താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിലടക്കം പന്തുതട്ടിയ പുതിയ നാലു താരങ്ങളെ മലപ്പുറം ടീമിലെത്തിച്ചിരുന്നു. പരിക്കു കാരണം ഓരോ മത്സരത്തിലും വ്യത്യസ്ത ഇലവനെയാണ് കോച്ച്‌ ജോണ്‍ ഗ്രിഗറി പരീക്ഷിച്ചത്. പരിക്ക് മാറി ആരൊക്കെ കളത്തിലിറങ്ങുമെന്ന് കണ്ടറിയണം. പകരക്കാരൻ നായകൻ അല്‍ദാലൂർ, സ്പാനിഷ് താരം അലക്സിസ് സാഞ്ചസ്, ഫസലുറഹ്മാൻ തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. ബ്രസീലുകാരൻ ബാർബോസ, ഉറുഗ്വായ്ക്കാരൻ പെഡ്രോ മാൻസി എന്നിവരും മധ്യനിരയിലും മുന്നേറ്റത്തിലുമായുണ്ടാകും.

അവസാന സ്ഥാനക്കാരായ തൃശൂരിന് സെമി ബർത്ത് ഏറക്കുറെ അവസാനിച്ചതാണ്. ഇന്ന് ജയിച്ചാല്‍ നാട്ടിലേക്ക് മടങ്ങുമ്ബോള്‍ ഒരു കളിപോലും ജയിക്കാത്തവരെന്ന ചീത്തപ്പേര് മാറ്റാമെന്ന് മാത്രം. ഏഴു മത്സരത്തില്‍ രണ്ടു സമനിലയുമായി രണ്ടു പോയന്‍റാണ് സമ്ബാദ്യം. കളിക്കളത്തില്‍ പേരിലെ മാജിക് കാഴ്ചവെക്കാൻ ടീമിന് സാധിച്ചിട്ടില്ല. ബ്രസീല്‍ താരങ്ങളായ മാഴ്‌സലോ ടോസ്കാനോ, അലക്സ് സാന്‍റോസ്, യുല്‍ബർ സില്‍വ എന്നിവരാണ് തൃശൂർ മുന്നേറ്റത്തിലെ വിദേശക്കരുത്ത്. ക്യാപ്റ്റൻ വിനീതടക്കം പ്രധാന താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ്. മലയാളി യുവതാരങ്ങളായ അർജുൻ, സഫ്നാദ്, സഫ്നീദ് ഉള്‍പ്പെടെയുള്ളവർ മികവ് പുലർത്തുന്നത് കോച്ച്‌ ജിയോവനി സാനുവിന് പ്രതീക്ഷ നല്‍കുന്നു. ലീഗില്‍ ആദ്യം ഇരുടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം.

Leave a Reply

Your email address will not be published. Required fields are marked *