ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങള്‍ പിന്നാലെ വരും; ‘കോഫി പ്രിയര്‍’ ഇക്കാര്യങ്ങള്‍ അറിഞ്ഞോളൂ

ചായ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അല്ലെങ്കില്‍ ചായയേക്കാള്‍ ഏറെ ആരാധകർ കോഫിക്കാണെന്ന് പറയാം. സ്ഥിരമായി കോഫി കുടിച്ചാല്‍ പിന്നെ അതില്ലാതെ ഒരു ദിവസം തള്ളി നീക്കാൻ പലർക്കും വലിയ ബുദ്ധിമുട്ടാണ്.

രാവിലത്തെ കോഫി പ്രത്യേക ഉന്മേഷവും ഊർജവും നല്‍കുന്നു. മറ്റു ചിലർക്ക് ഇത് ഉച്ചയ്‌ക്ക് ശേഷമുള്ള ഉറക്ക ക്ഷീണം മാറ്റാൻ സഹായിക്കും.

എന്നാല്‍ രണ്ടു നേരം എന്നതു മാറി രാവിലെയും ഉച്ചയ്‌ക്കും രാത്രിയും ഇതിന്റെ ഇടവേളകളിലുമെല്ലാം കോഫിയെ കൂട്ടുപിടിക്കുന്നവരുമുണ്ട്. അമിതമായി കോഫി കുടിക്കുന്നതുകൊണ്ടുള്ള ദോഷ വശങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

1 . അസ്വസ്ഥതയും ഉത്കണ്ഠയും

ഒരു കപ്പ് കോഫി ഊർജ്ജസ്വലരാക്കാൻ സഹായിച്ചേക്കാമെങ്കിലും അമിത അളവില്‍ ഇത് ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കിയേക്കാം. ഒന്നിലധികം തവണ കുടിക്കുന്നത് പലരിലും അസ്വസ്ഥതയ്‌ക്കും ഉത്കണ്ഠയ്‌ക്കും കാരണമാകാം. കോഫി നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ഇത് ഹൃദയമിടിപ്പ് കൂട്ടാൻ കാരണമാവുകയും ചെയ്യും.

2 . ഉറക്കമില്ലായ്മ

രാവിലെ നമ്മെ ഉന്മേഷവാന്മാരാക്കാൻ കോഫി നല്ലതാണെങ്കിലും രാത്രി വളരെ വൈകി ഇവ കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങാനും വിശ്രമിക്കാനും സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ അഡിനോസിനെ ഇത് തടയും.

3 . ദഹനപ്രശ്‌നങ്ങള്‍

അമിതമായി കോഫി കുടിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും. ഇവ ആമാശയത്തിലെ ആസിഡിന്റെ ഉത്‌പാദനം വർധിപ്പിക്കും. ഇത് അസ്വസ്ഥത, നെഞ്ചെരിച്ചില്‍ എന്നിവയ്‌ക്ക് കാരണമാകും.

4 . തലവേദന

പലപ്പോഴും തലവേദനയ്‌ക്കുള്ള പരിഹാരമായാണ് പലരും കോഫി കുടിക്കുന്നത്. എന്നാല്‍ അമിതമായി കഴിക്കുന്നത് തലവേദനയ്‌ക്കും മൈഗ്രേയ്‌നിനും വരെ കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കോഫി കുടിക്കുന്ന ശീലം പെട്ടന്ന് നിർത്തുന്നവരിലും ഇത് കണ്ടുവരാറുണ്ട്.

5 .ഉയർന്ന രക്തസമ്മർദ്ദം

കോഫി കൂടുതല്‍ തവണ കുടിക്കുന്നത് ഹൃദയമിടിപ്പ് കൂട്ടാനും രക്തസമ്മർദ്ദത്തിനും കാരണമാകും. ഉയർന്ന രക്തസമ്മർദ്ദമോ ഹൃദയസംബന്ധമായ ആരോഗ്യപ്രശനങ്ങള്‍ ഉള്ളവർക്കോ ഇത് കൂടുതല്‍ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *