ഉരുള്‍പൊട്ടല്‍: ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കന്നതിന് വയനാട് കലക്ടര്‍ക്ക് അനുമതി

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കന്നതിന് വയനാട് കലക്ടർക്ക് അനുമതിയെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു.ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കുന്നതിനും, വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കുന്നതിനുമാണ് സർക്കാർ തീരുമാനമെടുത്തതെന്നും കെ.കെ. ശൈലജ, പി. മമ്മിക്കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ. റഹീം തുടങ്ങിയവർക്ക് രേഖാമൂലം മറുപടി ല്‍കി.ടൗണ്‍ഷിപ്പ് നിർമിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ, കോട്ടപ്പടി വില്ലേജിലെ സർവേ നമ്ബർ 366 ല്‍പ്പെട്ട നെടുമ്ബാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും, വൈത്തിരി താലൂക്കിലെ കല്‍പ്പറ്റ വില്ലേജിലെ സർവേ നമ്ബർ 88/1 ല്‍ പ്പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും 2005 ലെ ദുരന്ത നിവാരണ നിയമം പ്രകാരം ഉടമസ്ഥത ഏറ്റെടുക്കുന്നതിന് ഡി.എം.ഡി പ്രകാരം തത്വത്തില്‍ അനുമതിയും നല്‍കി.ദുരന്തം അനുഭവിച്ചവർക്കും ദുരന്ത ബാധിതരായിട്ടുള്ളവർക്കും വേണ്ടി സുസ്ഥിരവും പരിസ്ഥിതിക്ക് അനുയോജ്യമായ സംവിധാനങ്ങളും ഹൗസിങ്ങ് ലേഔട്ട് ഉള്‍പ്പെട്ട മോഡല്‍ ടൗണ്‍ഷിപ്പ് നിർമിക്കണമെന്ന് തീരുമാനിച്ചു. ദുരന്ത ബാധിതരുമായി സർക്കാർ 2024 ആഗസ്റ്റ് 23ന് നടത്തിയ ചർച്ചയില്‍ പുതിയതായി സ്ഥാപിക്കുന്ന വീടുകള്‍ സുരക്ഷിത സ്ഥലത്തായിരിക്കണമെന്നും, താമസിച്ചിരുന്ന സ്ഥലത്തിന് അടുത്തായിരിക്കണമെന്നും, ഒരുമിച്ച്‌ താമസിക്കുവാൻ കഴിയുന്നവിധം ആകണമെന്നും ഉപജീവനത്തിന് അനുയോജ്യമാകണമെന്നുമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.ഈ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് പുനരധിവാസത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയത്. ഭൂമി പ്ലോട്ടുകള്‍ തിരിച്ച്‌ ശ്രദ്ധാപൂർവവും സുസ്ഥിരവുമായ രീതിയില്‍ ഭവന നിർമാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആന്തരിക റോഡുകള്‍, അംഗൻവാടി, സ്കൂള്‍, പോസ്റ്റ് ഓഫീസ്, ആരോഗ്യ ക്ലീനിക്ക്, മാലിന്യ സംസ്കരണ മേഖല, കമ്മ്യൂണിറ്റി ഹബ്, പാർക്ക്, മറ്റ് സാമൂഹിക പശ്ചാത്തലങ്ങള്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ ടൗണ്‍ഷിപ്പില്‍ ഒരുക്കണം. നിർദിഷ്ട ടൗണ്‍ഷിപ്പിന്റെ മാതൃക, ലേഔട്ട് എന്നി തയാറാക്കുന്നതിന് നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *