സർക്കാരും ഗവർണറും തമ്മില്‍ നടക്കുന്ന പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും സർക്കാരും എപ്പോഴാണ് പ്രതിസന്ധിയിലാകുന്നത്, അപ്പോള്‍ ഈ ഗവർണറും സർക്കാരും തമ്മില്‍ പോരാണെന്ന് പറയും.
എന്നിട്ട് മറ്റു വിഷയങ്ങളെല്ലാം മാറ്റി ഈ വിഷയം മാത്രം ചർച്ചയാകുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരും ഗവർണറും ഏറ്റുമുട്ടി ഒരാഴ്ച കഴിയുന്പോള്‍ ഇവർ തമ്മില്‍ രമ്യതയിലെത്തും. ഇതവണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പോര് നീണ്ടുനില്‍ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ ചേരാൻ മന്ത്രിസഭ തീരുമാനിക്കുകയും അതിനു ഗവർണർ അംഗീകാരം കൊടുക്കുകയും ചെയ്താല്‍ പിന്നെ ഓർഡിനൻസ് ഇറക്കാൻ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഈ സർക്കാർ ഓർഡിനൻസ് ഇറക്കുകയും ഗവർണർ അംഗീകാരം നല്‍കുകയും ചെയ്തു. സർക്കാരും ഗവർണറും നിയമം തെറ്റിച്ച് ഓർഡിനൻസ് പാസാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാൻ ഇവർ ഒത്തുകൂടും. എന്നിട്ട് സർക്കാർ പ്രതിസന്ധിയിലാകുന്പോള്‍ ഗവർണറും സർക്കാരും തമ്മില്‍ പോര് നടക്കും. ഇത് നാടകമാണ്. ഇതിനു പ്രതിപക്ഷം ഗൗരവം കൊടുക്കുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.