അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ ഇന്ന് പി വി അന്‍വര്‍ എംഎല്‍എ സന്ദര്‍ശിച്ചേക്കും

ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ ഇന്ന് പി വി അന്‍വര്‍ എംഎല്‍എ സന്ദര്‍ശിച്ചേക്കും.

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ രാവിലെ ഡിഎംകെ പ്രവര്‍ത്തകര്‍ക്കൊപ്പം മംഗലാപുരത്തെ വീട്ടില്‍ എത്തും എന്നാണ് അന്‍വര്‍ അറിയിച്ചിരിക്കുന്നത്. ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ സസ്‌പെന്റ് ചെയ്തിരുന്നു.

പൊലീസിന്റെ പീഡനമാണ് അബ്ദുള്‍ സത്താറിന്റെ മരണത്തിന് കാരണമെന്നാണ് ആക്ഷേപം. സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി കുടുംബവും രംഗത്തെത്തിയിരുന്നു. പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്താണ് 54 കാരനായ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

ഇയാളുടെ ഓട്ടോ ഗതാഗതസ്തംഭനം ഉണ്ടാക്കിയതിനു എസ്.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തതാണു പ്രശ്ങ്ങള്‍ക്കു തുടക്കമായത്. പെറ്റിക്കേസ് മാത്രം ഉണ്ടായിരുന്ന ഇക്കാര്യത്തില്‍ പലരും ബന്ധപ്പെട്ടിട്ടും ഓട്ടോ നല്‍കാന്‍ എസ്.ഐ. തയാറായില്ല. തുടര്‍ന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട് അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്.

ആത്മഹത്യക്ക് മുമ്ബ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിരുന്നു. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാര്‍ഗമെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താര്‍ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

സത്താറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ എസ്.ഐ. അനൂപ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരോപണത്തെ തുടര്‍ന്ന് നേരത്തെ കാസര്‍ഗോഡ് ടൗണ്‍ സ്‌റ്റേഷനില്‍നിന്നു ചന്തേരയിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായരെ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തത്. ആരോപണ വിധേയനായ ഹോംഗാര്‍ഡ് വൈ. കൃഷ്ണനെ കുമ്ബളയിലേക്ക് മാറ്റിയിരുന്നു.

എ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണനെ ഫയര്‍ഫോഴ്‌സിലേക്കു തിരിച്ചയച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുല്‍ സത്താറിനെ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കേസില്‍ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് ആവശ്യപ്പെട്ടിരുന്നു. പിതാവിനെ ഇനി തിരിച്ചുകിട്ടില്ല. പക്ഷെ ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നായിരുന്നു മകന്‍ പറഞ്ഞത്. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമായിരിന്നു ഷാനിസിന്റെ പ്രതികരണം.

അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *