രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യന്‍’ തിയറ്ററുകളില്‍.
ആദ്യ ഷോ പൂര്‍ത്തിയാകുമ്ബോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. അതേസമയം രജനി ആരാധകര്‍ക്ക് പൂര്‍ണ തൃപ്തി നല്‍കുമെന്ന തരത്തിലും ചില പ്രതികരണങ്ങള്‍ വരുന്നുണ്ട്. വേട്ടയ്യന്റെ ആദ്യ ഷോയ്ക്കു ശേഷം എക്‌സ് പ്ലാറ്റ്‌ഫോമില്‍ വന്ന ചില പ്രതികരണങ്ങള്‍ വായിക്കാം:
‘ മികച്ച തിരക്കഥയുള്ള സിനിമ. എന്‍കൗണ്ടറാണ് പ്രമേയം. ക്രിമിനലുകളെ ഇല്ലാതാക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍കൗണ്ടറിനു ഇറങ്ങിത്തിരിച്ചാല്‍ എങ്ങനെയിരിക്കും? അതാണ് വേട്ടയ്യന്‍. മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ്’ ഒരു പ്രേക്ഷകന്‍ കുറിച്ചു.
‘ രജനി ആരാധകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. അനിരുദ്ധിന്റെ സംഗീതം മികച്ചതായിരുന്നു. ഈ സിനിമയിലൂടെ ഝാനവേല്‍ വളരെ നല്ല സന്ദേശമാണ് സമൂഹത്തിനു നല്‍കിയിരിക്കുന്നത്,’ ആദ്യ ഷോ കണ്ട ശേഷം ഒരു പ്രേക്ഷക മാധ്യമങ്ങളോടു പറഞ്ഞു.
‘ ആദ്യ പകുതി നന്നായിരുന്നു. എന്നാല്‍ രണ്ടാം പകുതി ശരാശരിക്ക് മുകളില്‍ മാത്രം. ജയിലറിനു മുകളില്‍ പോയിട്ടില്ല. എങ്കിലും ഒരു തവണ തിയറ്ററില്‍ കാണാനുള്ളതുണ്ട്’ മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു.
അതേസമയം സിനിമ ശരാശരിയാണെന്നു പറയുന്ന പ്രേക്ഷകര്‍ പോലും ഫഹദ് ഫാസിലിനെ പുകഴ്ത്തുകയാണ്. രജനിക്കൊപ്പം സ്‌ക്രീന്‍ പ്രസന്‍സിന്‍ കട്ടയ്ക്കു നില്‍ക്കുന്ന കഥാപാത്രമാണ് ഫഹദിന്റേതെന്ന് മിക്ക പ്രേക്ഷകരും പറയുന്നു. പടത്തില്‍ ഉടനീളം എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ ഫഹദ് പൂണ്ടുവിളയാടുകയാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ അമിതാഭ് ബച്ചന്റെ കഥാപാത്രം പ്രതീക്ഷിച്ച അത്ര മികച്ചതായിട്ടില്ലെന്നും ചില പ്രേക്ഷകര്‍ പറയുന്നു.