എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി ; അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും.

കഴിഞ്ഞ ദിവസം സമര്‍പ്പിക്കാനിരുന്ന റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വൈകിയതിന് കാരണം. ആര്‍എസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച്‌ എഡിജിപി നല്‍കിയ വിശദീകരണം തള്ളിയെന്നാണ് വിവരം.

ഇങ്ങിനെ ചെയ്തുകൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് ഉന്നത ആര്‍എസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. അതിനിടയില്‍ അജിത്കുമാറിനെ മാറ്റുന്ന കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലും സിപിഐ കര്‍ശനമായ നിലപാട് സ്വീകരിച്ചു.

എഡിജിപി വിഷയം സിപിഐയില്‍ ഭിന്നതയ്ക്കും കാരണമായിട്ടുണ്ട്. പ്രകാശ് ബാബുവിന്റെ പ്രതികരണത്തില്‍ അതൃപതി പ്രകടിപ്പിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. കഴിഞ്ഞ ദിവസത്തെ നിര്‍വ്വാഹക സമിതിയിലാണ് രണ്ടു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ തകര്‍ക്കുമെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാല്‍ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകണമെന്നും സമ്മര്‍ദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് സിപിഎം നേതൃത്വം മൂമ്ബോട്ട് വെയ്ക്കുന്ന നിലപാട്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടുന്നതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *