ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം.
ഇന്നലെ രാത്രി 11 മണിയോടെയാണ് രജനീകാന്ത് ആശുപത്രി വിട്ടതെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കി.
ഹൃദയത്തില്‍ നിന്നുള്ള പ്രധാന രക്തക്കുഴലില്‍ നീര്‍വീക്കം ഉണ്ടായിരുന്നു എന്നാണ് അപ്പോളോ ഹോസ്പിറ്റല്‍സ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. സ്റ്റെന്റ് ഇട്ടതോടെ വീക്കം പൂര്‍ണമായി ഇല്ലാതാക്കാനായിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടു ദിവസം വീട്ടില്‍ വിശ്രമത്തില്‍ ആയിരിക്കും രജനി.
രജനീകാന്ത് ആശുപത്രിയില്‍ ആയതിനു പിന്നാലെ താരത്തിന്റെ മകള്‍ സൗന്ദര്യ ചെന്നൈയിലെ തിരുവോട്ടിയൂര്‍ ശ്രീവടിവുദൈ അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെയാണ് രജനീകാന്തിന്റെ ആരോഗ്യം മോശമായത്. വേട്ടയ്യ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.