‘മുറിയില്‍ വച്ച്‌ മോശമായി പെരുമാറി’; നടൻ ജാഫര്‍ ഇടുക്കിക്കെതിരെ ലെെംഗിക അതിക്രമ പരാതിയുമായി നടി

 നടൻ ജാഫർ ഇടുക്കിക്കെതിരെ ലെെംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും ഡിജിപിക്കും നടി ഇമെയില്‍ ചെയ്തു.

വർഷങ്ങള്‍ക്ക് മുമ്ബാണ് സംഭവം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയിലാണ് സംഭവം നടന്നത്. ജാഫർ ഇടുക്കി മുറിയില്‍ വച്ച്‌ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നും പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാരംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു.

നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴു പേർക്കെതിരെ പീഡനപരാതി ആരോപിച്ച്‌ നടി രംഗത്തുവന്നിരുന്നു. നടിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ബാലചന്ദ്ര മോനോൻ ഡിജിപിക്ക് പരാതി നല്‍കി. നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് നടൻ ആരോപിച്ചത്. നടിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്കെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമർശങ്ങള്‍ അടങ്ങിയ അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് നടപടി.

കൂടാതെ നടിയുടെ അഭിഭാഷകൻ ബാലചന്ദ്ര മേനോനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ തനിക്കെതിരെ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള അഭിഭാഷകന്റെ ഭീഷണിയെന്ന് നടൻ പരാതിയില്‍ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും നടൻ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *