ഭീകരരെ ഉൻമൂലനം ചെയ്യുന്നതിനായി ജമ്മുവിലെ കത്വ, രജൗരി ജില്ലകളിലെ പുതിയ മേഖലകളിലേക്ക് സുരക്ഷാ സേന ഇന്ന് തെരച്ചില്‍ വ്യാപിപ്പിച്ചു.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി മേഖലയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്.
ശനിയാഴ്ച വൈകുന്നേരം കത്വ ജില്ലയിലെ ബില്ലവാർ തഹസില്‍ വിദൂര കോഗ്-മാണ്ഡ്ലി വനഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുടർന്ന് ഞായറാഴ്ച വൈകുന്നേരം രജൗരി ജില്ലയിലെ തന്നാമണ്ടി പ്രദേശത്ത് മണിയല്‍ ഗലി ഭാഗത്തും ഏറ്റുമുട്ടല്‍ നടന്നു. തുടർന്ന് ഏറ്റുമുട്ടലിന് ശേഷം ഭീകരർ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർക്കായി ഇന്ന് രാവിലെ പുതിയ പ്രദേശങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അതേ സമയം പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) കുറഞ്ഞത് മൂന്ന് ഭീകരരെങ്കിലും വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായിട്ടാണ് സൈന്യം വിലയിരുത്തുന്നത്.