എസ്‌എടി ആശുപത്രിയിലെ ഉപകരണങ്ങള്‍ പലതും ക്ലാവ് പിടിച്ച നിലയില്‍

നൂറുകണക്കിന് കുഞ്ഞുങ്ങളെയും അമ്മമാരെയും മരണഭീതിയിലാഴ്‌ത്തി എസ്‌എടി ആശുപത്രിയിലുണ്ടായ വൈദ്യുതി പ്രതിസന്ധിയില്‍ പരസ്പരം പഴിചാരി വകുപ്പുകള്‍.

ഉപകരണങ്ങളില്‍ പലതും കാലപ്പഴക്കം ചെന്നവയും ക്ലാവു പിടിച്ചവയും. അറ്റകുറ്റപ്പണിക്കായി സബ് സ്‌റ്റേഷന്‍ ബോര്‍ഡ് കത്ത് നല്‍കിയിട്ടും അനുമതി നല്‍കുന്നത് ആശുപത്രി അധികൃതര്‍ വൈകിപ്പിച്ചുവെന്ന് ആരോപണം. നിഷേധിച്ച്‌ അശുപത്രി അധികൃതര്‍.

സബ് സ്‌റ്റേഷന്റെ നിയന്ത്രണം എസ്‌എടി ആശുപത്രിക്കാണ്. ജനറേറ്ററിന് വൈദ്യുതി എടുക്കാന്‍ കഴിയാതെ പോയത് വാക്വം സര്‍ക്യൂട്ട് ബ്രേക്കറിലെ (വിസിബി) തകരാറ് മൂലമാണെന്നാണ് കെഎസ്‌ഇബി വിലയിരുത്തല്‍.

വിസിബി ക്ലാവ് പിടിച്ച നിലയിലാണ്. അറ്റകുറ്റ പണിക്കായി സബ് സ്‌റ്റേഷന്‍ ബോര്‍ഡ് കത്ത് നല്‍കിയിട്ടും അനുമതി നല്‍കുന്നത് ആശുപത്രി അധികൃതര്‍ വൈകിപ്പിച്ചു.

ആറ് മാസത്തിലൊരിക്കലാണ് അറ്റകുറ്റ പണികള്‍ നടത്താറുള്ളത്. കൂടാതെ താഴ്ന്ന നിരപ്പില്‍ ഇലക്‌ട്രിക് റൂം സ്ഥാപിച്ചതാണ് ഉപകരണങ്ങള്‍ കേടുവരാന്‍ കാരണമായതെന്നും വൈദ്യുതി മുടക്കത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് കെഎസ്‌ഇബിയുടെ ന്യായീകരണം. അതേസമയം ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിച്ചത് കെഎസ്‌ഇബി തന്നെയാണ്. ജനറേറ്റര്‍ സംവിധാനം ഒരുക്കിയാണ് ആശുപത്രിയില്‍ വൈദ്യുതി എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *