അടിച്ചു കേറി വാടാ മോനേ; ‘അജയന്റെ രണ്ടാം മോഷണം’ 100 കോടി ക്ലബ്ബിനരികെ

മലയാളത്തില്‍ ഈ വർഷം പുറത്തിറങ്ങിയ ഓണചിത്രങ്ങളില്‍ തകർക്കാൻ കഴിയാത്ത കളക്ഷനുമായി ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ തോമസ് നായകനായ ചിത്രം 50 കോടി ക്ലബും പിന്നിട്ട് 100 കോടിയിലേക്ക് കുതിക്കുന്നു.

87 കോടിയാണ് ഈ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. നവാഗത സംവിധായകൻ ജിതിൻ ലാലിൻറെ ചിത്രത്തില്‍ മൂന്നു തലമുറകളിലെ കഥാപാത്രങ്ങളായ കുഞ്ഞിക്കേളു, മാണിക്യൻ, അജയൻ എന്നീ വേഷങ്ങള്‍ ടൊവിനോ തോമസ് കൈകാര്യം ചെയ്യുന്നു.

സിനിമയില്‍ ‘കോസ്മിക് വോയിസ്’ ആയി നടന്മാരായ മോഹൻലാല്‍, വിക്രം, ഡോ. ശിവരാജ് കുമാർ എന്നിവരുടെ സാന്നിധ്യവുമുണ്ട്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും 3Dയിലും റിലീസ് ചെയ്തുകൊണ്ട് ഈ ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ വർദ്ധിപ്പിക്കുന്നു.

ജോമോൻ ടി. ജോണ്‍ ഛായാഗ്രഹണം നിർവഹിക്കുന്നു. ദിബു നൈനാൻ തോമസാണ് ഒറിജിനല്‍ ഗാനങ്ങളും സ്‌കോറും ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസും യുജിഎം പ്രൊഡക്ഷൻസും ചേർന്നാണ് ‘അജയൻ്റെ രണ്ടാം മോഷണം’ നിർമ്മിച്ചിരിക്കുന്നത്.

സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജഗദീഷ്, ബേസില്‍ ജോസഫ്, അജു വർഗീസ്, രോഹിണി, ഹരീഷ് ഉത്തമൻ, നിഷ്താർ സെയ്ത്, കന്നഡ താരം പ്രമോദ് ഷെട്ടി എന്നിവരും വേഷമിടുന്നു.

ഇടക്കല്‍ രാജാവിന്റെ പ്രീതിയില്‍, നക്ഷത്രക്കല്ലു കൊത്തിമിനുക്കിയ ഐശ്വര്യത്തിന്റെ പ്രതീകമായ ശീപോതി വിളക്ക് അഥവാ ചിയോതി വിളക്ക്, ഹരിപുരം എന്ന ചിയോതിക്കാവില്‍ എത്തിക്കുന്ന കേളു വീരപുരുഷനാണ്. കള്ളൻ മണിയനാകട്ടെ, കുട്ടികള്‍ക്ക് രാത്രിയില്‍ കേട്ടുറങ്ങാൻ കൂടി കൊള്ളില്ല എന്ന് പറഞ്ഞ് മുത്തശ്ശി താക്കീതു കൊടുക്കുന്ന നാട്ടിലെ മുൻതലമുറയില്‍പ്പെട്ട പ്രധാന തസ്കരനും. മണിയന്റെ കൊച്ചുമകൻ അജയനിലേക്കെത്തുമ്ബോള്‍, അവനില്‍ ചിയോതിവിളക്കിന്റെ മറ്റൊരു നിയോഗം വന്നുചേരുന്നു. ഈ കഥാപശ്ചാത്തലത്തിലാണ് സിനിമയുടെ കഥാവികാസം.

Leave a Reply

Your email address will not be published. Required fields are marked *