ജമ്മു കശ്മീര്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്ക്: പ്രചരണത്തിനായി ഇന്ന് രാഹുല്‍ ഗാന്ധിയെത്തും

നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പ്രചരണം നടത്തും.

കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യ സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി രണ്ട് റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാവിലെ 11 മണിയോടെ പൂഞ്ചിലെ സുരൻകോട്ട് ഏരിയയില്‍ എത്തുന്ന രാഹുല്‍, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എ ഐ സി സി) സെക്രട്ടറിയും ഒഡീഷയുടെ സഹ ചുമതലക്കാരനുമായ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഷാനവാസ് ചൗധരിക്ക് വേണ്ടി ഇവിടെ വോട്ടഭ്യർത്ഥനയും റാലിയും നടത്തും.

കോണ്‍ഗ്രസിൻ്റെയും നാഷണല്‍ കോണ്‍ഫറൻസിൻ്റെയും സംയുക്ത സ്ഥാനാർത്ഥിയാണ് ഷാനവാസ് ചൗധരി. സുരൻകോട്ട് അസംബ്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസിൻ്റെ ഗുജ്ജർ സ്ഥാനാർഥിയും ബി ജെ പിയുടെ പഹാരി സ്ഥാനാർഥിയും തമ്മില്‍ ശക്തിയേറിയ മത്സരമാണ് നടക്കുന്നത്.

സുരന്‍കോട്ടിലെ പരിപാടിക്ക് ശേഷം ശ്രീനഗറിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധി അവിടെ ജെ കെ പി സി ഐ പ്രസിഡൻ്റ് താരിഖ് ഹമീദ് ഖറയ്ക്ക് വേണ്ടി വോട്ട് തേടി ഷാല്‍റ്റെങ് ഏരിയയില്‍ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് സഖ്യകക്ഷി നേതാക്കളായ ഡോ. ഫാറൂഖ് അബ്ദുള്ളയെയും ഒമർ അബ്ദുള്ളയെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ വേദിയിലെത്തുമെന്നാണ് കരുതുന്നത്.

നേരത്തെ ജമ്മു കശ്മീരിലെ രണ്ട് റാലികളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ബനിഹാലിലെ സംഗല്‍ദൻ ഏരിയയിലും ദക്ഷിണ കശ്മീരിലെ ദൂരു മേഖലയിലുമായിരുന്നു തുടക്കത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടികള്‍.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായ പ്രചാരണമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് റാലികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി തന്നെ രണ്ട് തവണ കശ്മീർ സന്ദർശിച്ചു. ജമ്മു മേഖലയിലെ രണ്ട് ജില്ലകളായ രജൗരി, പൂഞ്ച്, കശ്മീർ മേഖലയിലെ മൂന്ന് ജില്ലകളായ ശ്രീനഗർ, ബുദ്ഗാം, ഗന്ദർബല്‍ എന്നിവിടങ്ങളിലെ വോട്ടർമാർ വോട്ടെടുപ്പിലേക്ക് പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട പ്രചാരണത്തിൻ്റെ അവസാന ദിവസമാണ് നാളെ.

നാഷണല്‍ കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബല്‍, ബദ്‌ഗാം മണ്ഡലം ഉള്‍പ്പെടെ 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി എഴുതുന്നത്. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *