പീഡന പരാതിയില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നുമായിരുന്നു നേരത്തെ ഹർജി പരിഗണിച്ചപ്പോള്‍ ജയസൂര്യ വാദിച്ചത്.
വിദേശത്തായതിനാല്‍ എഫ്ഐആർ കണ്ടിട്ടില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു. കോടതി അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതിയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്ന ജയസൂര്യ കൊച്ചിയില്‍ മടങ്ങിയെത്തിയത്.
തനിക്കെതിരായ രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് വിഷയത്തില്‍ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങളെ വെെകാതെ തന്നെ കാണുമെന്ന് അറിയിച്ച നടൻ എല്ലാം വഴിയെ മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു.
സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്. സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോൻമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. വർഷങ്ങള്‍ക്കുമുൻപ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.