‘നെല്‍സന്റെയോ ലോകേഷിന്റെയോ സ്റ്റൈല്‍ വേണമെങ്കില്‍ എനിക്ക് അവരെ വിളിച്ചാല്‍ പോരേ’; ജ്ഞാനവേലിനോടു രജനി

പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാവുന്ന ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യണമെന്നാണ് സംവിധായകന്‍ ടി.ജെ.ജ്ഞാനവേലിനോടു താന്‍ ആവശ്യപ്പെട്ടതെന്ന് രജനികാന്ത്.

‘വേട്ടൈയന്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു തമിഴകത്തിന്റെ ദളപതി. രജനികാന്ത്, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേട്ടൈയന്‍ സംവിധാനം ചെയ്തിരിക്കുന്നത് ജ്ഞാനവേല്‍ ആണ്. സൂര്യ നായകനായ ജയ് ഭീമിനു ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ വലിയ കാത്തിരിപ്പിലാണ്.

‘ ആളുകള്‍ക്ക് ആഘോഷിക്കാനുള്ള പടമാണ് ആവശ്യം. ഒരു കൊമേഴ്‌സ്യല്‍ സിനിമയാണ് എനിക്ക് വേണ്ടതെന്ന് ഞാന്‍ സംവിധായകനോടു പറഞ്ഞു. പത്ത് ദിവസത്തെ സമയം അദ്ദേഹം എന്നോടു ചോദിച്ചു. രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. ‘സാര്‍, ഞാന്‍ കൊമേഴ്‌സ്യല്‍ സ്റ്റൈലില്‍ ചെയ്യാം പക്ഷേ എനിക്ക് നെല്‍സണോ ലോകേഷോ ചെയ്യുന്ന രീതിയില്‍ പറ്റില്ല. എങ്കിലും ഞാന്‍ നിങ്ങളെ വളരെ വ്യത്യസ്തമായ രീതിയില്‍ ഫാന്‍സിനു മുന്നില്‍ അവതരിപ്പിക്കാം,’ എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. ഞാന്‍ മറുപടി കൊടുത്തു, ‘ അതാണ് ശരിക്കും എനിക്ക് ആവശ്യം. നെല്‍സന്റെയോ ലോകേഷിന്റെയോ സ്റ്റൈല്‍ തന്നെ വേണമെങ്കില്‍ എനിക്ക് അവരുടെ കൂടെ വീണ്ടും സിനിമ ചെയ്താല്‍ പോരേ’ എന്ന്,’

ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന വേട്ടൈയന്‍ ഒക്ടോബര്‍ 10 നാണ് തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *