രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്രയില്‍ വന്‍ നാശനഷ്ടം. ഒമ്ബത് പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
പൊലീസിന്റേയും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍ വിലയിരുത്തി.
ആന്ധ്രയിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളും കാറുകളും വെള്ളത്തിനടയിലായി. വിജയവാഡ റൂറല്‍ മണ്ഡലത്തിലെ അംബാപുരം, നൈനാവരം, നുന്ന എന്നീ ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പ്രദേശത്തെ ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്തമഴയെത്തുടര്‍ന്ന് 20-ലധികം ട്രെയിനുകള്‍ റദ്ദാക്കുകയും 30-ലധികം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
അയല്‍ സംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. മഹബൂബാബാദില്‍ യുവ ശാസ്ത്രജ്ഞനെ വെള്ളപ്പൊക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഹൈദരാബാദിലടക്കം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഉന്നതഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചിരുന്നു.