കായിക കേരളത്തിന്റെ പ്രതീക്ഷയുമായി എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനം

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചിയുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങുന്ന കൊച്ചിയുടെ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ഓണ്‍ലൈനായാണ് മാനേജ്‌മെന്റ് സോങ് റിലീസ് ചെയ്തത്. എ.ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ടീമിനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകള്‍ പങ്കുവെക്കുന്നതാണ്. മത്സരത്തിലെ വെല്ലുവിളികളെ നേരിടാനും വിജയിക്കാനുള്ള മനോഭാവം ആര്‍ജിക്കുവാനുള്ള ശക്തിയും പ്രതീക്ഷയുമാണ് ആല്‍ബം പകര്‍ന്നു നല്‍കുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ബ്ലസിയാണ്. ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആര്‍ റഹ്മാന്‍, റിയാഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. എ.ആര്‍ റഹ്മാനും റിയാഞ്ജലിയുമാണ് ഗംന ആലപിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോള്‍ കൊച്ചിന്‍ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറക്കിയത്. ഇതാദ്യമായാണ് മലയാളം പതിപ്പ് മാത്രമായി പുറത്തിറക്കുന്നത്. സ്ട്രീറ്റ് ക്രിക്കറ്റില്‍ നിന്ന് പ്രൊഫഷണല്‍ സ്റ്റേഡിയങ്ങളിലേക്ക് ഉയര്‍ന്നുള്ള യാത്രയെ ദൃശ്യങ്ങളില്‍ പകര്‍ത്തുന്ന ആല്‍ബത്തില്‍ കായികമത്സരങ്ങളുടെ വളര്‍ച്ചയും കളിക്കാരുടെ മനോഭാവവും പ്രകടമാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് പതിപ്പുകള്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. റീലിസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഗാനം സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിനാണ് കൊച്ചി ടീമിന്റെ ആദ്യ മത്സരം. ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയുടെ നേതൃത്വത്തിലാണ് ടീം മത്സരത്തിനിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *