താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാല്‍. ഹേമകമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്നും’ മോഹൻലാല്‍ പറഞ്ഞു.
‘ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങള്‍ക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകള്‍ നിർമ്മിച്ച് നല്‍കാനുണ്ട്, മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിള്‍ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും’ അദ്ദേഹം വ്യക്തമാക്കി
നിലവില്‍ മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോള്‍ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. കേരള പൊലീസിന്റെ കാര്യം അവരാണ് നോക്കേണ്ടത്. ഞാനല്ല. എന്റെ കൈയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. കോടതിയിലിരിക്കുന്ന കാര്യമാണ്. അതില്‍ അന്വേഷണം വേണം. അതില്‍ കൂടുതലുള്ള കാര്യങ്ങള്‍ പറയാന്‍ ഇല്ല. ഇനി ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. ഒരു ദിവസംകൊണ്ട് താരങ്ങള്‍ എങ്ങനെയാണ് മാധ്യങ്ങള്‍ക്ക് അന്യരായത്. ഒരു ശുദ്ധീകരണം ആവശ്യമായ ഘട്ടമല്ലേ, ഞങ്ങള്‍ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.