പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെ വന്ന വിവാദങ്ങളും മലയാളസിനിമയെ മുള്‍മുനയില്‍ നിര്‍ത്തുമ്ബോള്‍ ഇതാദ്യമായി വിഷയങ്ങളില്‍ പ്രതികരിക്കാന്‍ നടന്‍ മോഹന്‍ലാല്‍.
സിനിമാനടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച താരം വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇതാദ്യമായിട്ടാണ് പ്രതികരിക്കാനൊരുങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ച് ലാല്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി സിദ്ധീഖാണ് ഒടുവില്‍ മാധ്യമങ്ങളുമായി സംസാരിച്ചത്. പിന്നാലെ ലൈംഗികാപവാദം പൊട്ടിപ്പുറപ്പെട്ടതോടെ അദ്ദേഹം പദവി രാജി വെയ്ക്കുകയും ചെയ്തിരുന്നു. മുകേഷും ജയസൂര്യയും അടക്കമുള്ള നടന്മാര്‍ക്കെതിരേയും രഞ്ജിത്തും വികെ പ്രകാശും പോലെയുള്ള സംവിധായകര്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമെതിരേ ലൈംഗികാരോപണം പുറത്തുവന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും സിനിമാവേദിയിലെ മുന്‍നിരയിലുള്ള നടീനടന്മാരായ മോഹന്‍ലാലോ മമ്മൂട്ടിയോ പോലെയുള്ളവര്‍ പ്രതികരിക്കാതിരുന്നത് അണിയറയിലും പുറത്തുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
തിരുവനന്തപുരത്ത് ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന മോഹന്‍ലാല്‍ ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. വിവാദം പൊട്ടിപ്പുറപ്പെടുമ്ബോള്‍ സംഘടനയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നാലെ സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവെച്ചു. സംഘടനയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഒടുവിലാണ് മോഹന്‍ലാല്‍ പ്രതികരണവുമായി എത്തുന്നത്.