വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒന്നിക്കുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ഡിസംബര്‍ 20ന് സിനിമ തിയേറ്ററുകളിലെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇവരെ കൂടാതെ അനുരാഗ് കശ്യപ്, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ആര്‍ എസ് ഇന്‍ഫോടൈന്മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 2023 മാര്‍ച്ചിലായിരുന്നു വിടുതലൈ പ്രദര്‍ശനത്തിനെത്തിയത്. നിരൂപകരില്‍ നിന്നും സിനിമാപ്രേക്ഷകരില്‍ നിന്നും വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. സൂരിയായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രം. വിജയ് സേതുപതി ചെയ്ത കഥാപാത്രത്തിന് ചുരുങ്ങിയ സ്‌ക്രീന്‍ ടൈം മാത്രമാണ് ആദ്യഭാഗത്ത് ഉണ്ടായിരുന്നത്. മഞ്ജു വാര്യര്‍ ആദ്യ സിനിമയുടെ ഭാഗമായിരുന്നില്ല.
രണ്ടാം ഭാഗം കൂടുതലായും വിജയ് സേതുപതിയെ ഫോക്കസ് ചെയ്ത സിനിമയായിരിക്കുമെന്നാണ് അറിയുന്നത്. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ നായികയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്.