കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും മുഹമ്മദാലി ജിന്നയുടെ ബാധ കയറിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇരു പാര്‍ട്ടികളും സമൂഹത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ജിന്നയുടെ പാരമ്ബര്യം പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തെ വിഭജിക്കുക എന്ന ഗുരുതരമായ പാപം ജിന്ന ചെയ്തു. അത് അദ്ദേഹത്തിന്റെ ശ്വാസം മുട്ടിയുള്ള മരണത്തിലേക്കും നയിച്ചു. സമൂഹത്തെ വിഭജിച്ച് എസ്പിയും കോണ്‍ഗ്രസും സമാന പാപമാണ് ചെയ്യുന്നത്,’ യോഗി ആദിത്യനാഫ് പറഞ്ഞു.
അയോധ്യ, കനൗജ്, കല്‍ക്കട്ട എന്നിവിടങ്ങളിലെ ബലാത്സംഗക്കേസുകളില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ മൗനത്തെയും ആദിത്യനാഥ് വിമര്‍ശിച്ചു. സമൂഹത്തെ ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ചുകൊണ്ട് രാജ്യത്തിന്റെ സാമൂഹിക ഘടനയെ നശിപ്പിച്ചത് പ്രതിപക്ഷ സര്‍ക്കാരുകളാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വിവേചനമില്ലാതെ എല്ലാവര്ക്കും വീടും ജോലിയും വൈദ്യുതിയും നല്‍കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവര്‍ അധികാരത്തിലിരുന്നപ്പോള്‍ അവര്‍ സാമൂഹിക ഘടനയെ തകര്‍ത്തു.’ പ്രീണന പദ്ധതികളിലൂടെ സമൂഹത്തെ വികസനത്തില്‍ നിന്ന് അകറ്റിയ അവര്‍ രാജ്യത്തിന്റെ സുരക്ഷയെ ഹനിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചതെന്നും ഇന്നും അത് തന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ഇതേ സമാജ് വാദി പാര്‍ട്ടി തന്നെയാണ് ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും എന്ന് പറഞ്ഞ് തെറ്റിനെ നിസാരവത്ക്കരിച്ചത്. സ്ത്രീകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തിയതിന് പാര്‍ട്ടി ഉത്തരവാദികളാണ്. അവര്‍ സ്ത്രീസുരക്ഷയെ കുറിച്ച് പറയാന്‍ അര്‍ഹരല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.