സുഹൃത്തിന്റെ ഓണ്‍ലൈൻ അക്കൗണ്ട് മുഖേന ഫ്ലിപ്കാർട്ടില് നിന്ന് വാങ്ങിയ ഉത്പന്നത്തിന് യഥാർഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി.
ടി വിയുടെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നല്കാൻ കോടതി എതിർകക്ഷികള്‍ക്ക് നിർദേശം നല്കി. എറണാകുളം ആലങ്ങാട് സ്വദേശി ഡിനില്‍ എൻ വി ഫ്ലിപ്്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കണ്‍സ്യൂമർ സർവീസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നിർദേശം.
2019 ജനുവരിയിലാണ് പരാതിക്കാരൻ എതിർകക്ഷികളില്‍ നിന്ന് 40 ഇഞ്ച് ഫുള്‍ എച്ച് ഡി. എല്‍ ഇ ഡി സ്മാർട്ട് ടി വി 17,499 രൂപക്ക് വാങ്ങിയത്. ആദ്യം ഒരു വർഷത്തേക്കുള്ള വാറന്റിയും പിന്നീട് രണ്ട് വർഷത്തേക്ക് എക്സ്റ്റൻഡഡ് വാറന്റിയും ഉണ്ടായിരുന്നു. 2021 ആഗസ്റ്റില്‍ ടി വി പ്രവർത്തനരഹിതമായി. തുടർന്ന് റിപ്പയർ ചെയ്യുന്നതിനായി എതിർകക്ഷികളെ സമീപിച്ചു. വാറന്റി കാലയളവിനുള്ളില്‍ ആയതിനാല്‍ ടി വി പ്രവർത്തനക്ഷമമാക്കി നല്‍കണമെന്ന നിലപാടാണ് പരാതിക്കാരന്റേത്. എന്നാല്‍ അതിന് കഴിയില്ലെന്നായിരുന്നു ഫ്ലിപ്കാർട്ടിന്റെ പ്രതികരണം. ടിവിക്ക് വാറണ്ടി നിലവിലുള്ളതിനാലും അത് റിപ്പയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലും എല്‍ ഇ ഡി സ്മാർട്ട് ടി വി വാങ്ങിയ തുകയായ 15,852 രൂപയില്‍ നിന്നും 4,756 രൂപ കുറവ് വരുത്തി 11,096 രൂപ തിരികെ തരാമെന്ന് സമ്മതിക്കുകയും നല്കുന്നതിനായുള്ള തുടർ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വാഗ്ദാനം ചെയ്തതുപോലെ തുക നല്കാൻ എതിർകക്ഷികള്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പരാതിക്കാരൻ തങ്ങളുടെ ഉപഭോക്താവല്ലെന്ന നിലപാടാണ് എതിർകക്ഷികള്‍ കോടതി മുമ്ബാകെ സ്വീകരിച്ചത്. പരാതിക്കാരൻ സ്വന്തം വിലാസത്തിലല്ല ടി വി വാങ്ങിയത്. എന്നാല്‍ തന്റെ വിലാസത്തില്‍ ഫ്ലിപ്കാർട്ടിന് ഷിപ്പിംഗ് സൗകര്യം ഇല്ലാതിരുന്നതിനാലാണ് മറ്റൊരാളുടെ വിലാസത്തില്‍ വാങ്ങിയതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. ഇത് ശരിവെച്ച് യഥാർഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.
ടി വിയുടെ വിലയായ 11,096 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതിച്ചെലവ് 5,000 രൂപയും അടക്കം 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്കാൻ എതിർകക്ഷികള്‍ക്ക് കോടതി നിർദേശം നല്കി. പരാതിക്കാരന് വേണ്ടി അഡ്വ. എസ് അജോഷ് ഹാജരായി.