മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ മരിച്ച ഒരേയാളുടെ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ പല കുഴിമാടങ്ങളിലായി സംസ്കരിക്കേണ്ടിവന്നത് ബന്ധുക്കളിലുണ്ടാക്കിയ മാനസികപ്രയാസം പരിഹരിക്കാൻ സാഹചര്യമൊരുക്കി സർക്കാർ.
തിരിച്ചറിയാൻ കഴിയാത്ത 254 പേരുടെ മൃതദേഹങ്ങളാണ് പുത്തുമലയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചത്.
പോസ്റ്റ്മോർട്ടം നടത്തുമ്ബോള്‍തന്നെ മൃതദേഹത്തിന്റെയും സംശയം ഉന്നയിക്കുന്ന ബന്ധുക്കളുടെയും സാമ്ബിളുകള്‍ ശേഖരിച്ച് ജനിതകപരിശോധനക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പരിശോധനഫലം വന്നതോടെയാണ് ഒരേയാളുകളുടെ തന്നെ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ പല കുഴിമാടങ്ങളിലാണ് സംസ്കരിച്ചതെന്ന് തെളിഞ്ഞത്. മാതാപിതാക്കളുടെയും മക്കളുടെയുമൊക്കെ ദേഹം ഇത്തരത്തില്‍ സംസ്കരിക്കപ്പെട്ടത് പലർക്കും മനോവേദനയുണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ‘ഒരു ദേഹമാണിവിടെ പല ഖബറുകളില്‍…’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ വാർത്ത നല്‍കിയിരുന്നു. ഇങ്ങനെ സംസ്കരിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ പുത്തുമലയിലെ ശ്മശാനത്തില്‍നിന്ന് പുറത്തെടുത്ത് നല്‍കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതുസംബന്ധിച്ച് ജില്ല കലക്ടർ ഡോ. ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.
ശ്മശാനത്തില്‍നിന്ന് ശരീരങ്ങള്‍ പുറത്തെടുക്കാൻ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ക്ക് (ഫോണ്‍: 04935 240222) അപേക്ഷ നല്‍കുകയാണ് വേണ്ടത്. തുടർന്ന് ഇവ പുറത്തെടുത്ത് കൈമാറുന്നതോടെ ബന്ധുക്കള്‍ക്ക് സ്വന്തം നിലക്ക് സംസ്കാരം നടത്താം. നിലവില്‍ സംസ്‌കരിച്ച സ്ഥലത്തുനിന്ന് മാറ്റാൻ ആഗ്രഹിക്കുന്നില്ലെങ്കില്‍ മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളുമടക്കമുള്ള അടയാളങ്ങള്‍ കുഴിമാടത്തില്‍ സ്ഥാപിക്കാൻ ബന്ധുക്കളെ അനുവദിക്കുകയും ചെയ്യും.
നിലവില്‍ ഏത് സ്ഥലത്തുനിന്ന് എത്രാമത്തെയായാണോ മൃതദേഹം ലഭിച്ചത് അവ സൂചിപ്പിക്കുന്ന തരത്തില്‍ ‘എൻ 156’, ‘സി 85’, ‘എം 101’ എന്നിങ്ങനെ രേഖപ്പെടുത്തിയ അടയാള പലകകളാണുള്ളത്. ജനിതകപരിശോധനയില്‍ ഇതുവരെ 36 പേരെയാണ് തിരിച്ചറിഞ്ഞത്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്ബിളുകളാണ് ബന്ധുക്കളുടേതുമായി യോജിച്ചത്. ഒരാളുടെതന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങളും ലഭിച്ചതായി കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോട്ടറിയിലെ പരിശോധനയില്‍ തെളിഞ്ഞു.
അതേസമയം, ഒരു മാസത്തോളമായുള്ള അലച്ചലിന് ശേഷമെങ്കിലും ഉറ്റവരുടെ മൃതദേഹങ്ങള്‍ ഏതെന്ന് ഇത്തരത്തില്‍ തിരിച്ചറിയാനായതില്‍ ആശ്വാസം കൊള്ളുകയാണ് ബന്ധുക്കള്‍. ഇനി ഇവ പുറത്തെടുക്കുന്നത് മൃതദേഹങ്ങളോടുള്ള അനാദരവാകുമെന്നാണ് മിക്കവരുടെയും അഭിപ്രായം.