മാര്‍ഗതടസമുണ്ടാക്കിയെന്ന മാധ്യമങ്ങള്‍ക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മൂന്നു ചാനലുകള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. രാമനിലയത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളി മാറ്റുകയായിരുന്നു.
പിന്നാലെ സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. അനില്‍ അക്കര സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. വിമര്‍ശനങ്ങളും പരാതികളുമുയര്‍ന്നതിന് പിന്നാലെ കേന്ദ്രമന്ത്രിയായ തനിക്കും സുരക്ഷാ ജീവനക്കാര്‍ക്കും നേരെ കയ്യേറ്റശ്രമമുണ്ടായെന്ന് തൂണ്ടിക്കാട്ടി സുരേഷ് ഗോപി പൊലീസില്‍ പരാതി നല്‍കി. കേന്ദ്ര സര്‍ക്കാരിനെയും വിവരം അറിയിച്ചു. ഇതോടെ കേന്ദ്രമന്ത്രിയുടെ സുരക്ഷ കൂട്ടി.