നടിയുടെ ലൈംഗികപീഡന പരാതിയില്‍ എംഎല്‍എയും നടനുമായ മുകേഷിനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്.
ബലാത്സംഗം അതിക്രമിച്ചുകടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അക്കാര്യം മുന്‍നിര്‍ത്തിയുള്ള ബലപ്രയോഗം തുടങ്ങിയ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.
അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ആരോപണം. മുകേഷിന് പുറമേ ഇടവേളബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് എതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇടവേള ബാബുവിനെതിരേ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തതായിട്ടുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നടിയുടെ പരാതിയില്‍ ഇടവേളബാബുവിനെതിരേ നോര്‍ത്ത് പോലീസും മണിയന്‍പിള്ള രാജുവിനെതിരേ ഫോര്‍ട്ട്‌കൊച്ചി പോലീസും ജയസൂര്യയ്ക്ക് എതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസുമാണ് കേസെടുത്തിട്ടുള്ളത്. ഗുരുതരമായ വകുപ്പുകളാണ് എല്ലാവര്‍ക്കും എതിരേ ചുമത്തിയിട്ടുള്ളത്. നേരത്തേ നടിയുടെ ആലുവയിലെ ഫ്ളാറ്റില്‍ എത്തി പോലീസ് സംഘം മൊഴിയെടുത്തതിന് പിന്നാലെയായിരുന്നു ഇവര്‍ക്കെതിരേ കേസെടുത്തത്.
മുകേഷിനെതിരേ പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്ത് വന്നു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സിപിഎം ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായം ഉണ്ടെന്നാണ് സൂചനകള്‍. മുകേഷ് എംഎല്‍എസ്ഥാനം രാജിവെയ്ക്കുന്നതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കൊല്ലത്തെ സിപിഎം ജില്ലാക്കമ്മറ്റിയിലുണ്ട്. മുകേഷ് രാജിവെയ്ക്കണമെന്ന് സിപിഐ വനിതാനേതാവ് ആനിരാജ ആവശ്യപ്പെട്ടു.