മോഹൻലാല്‍ AMMA പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

 ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി.

നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പില്‍ പറയുന്നു. അഡ്ഹോക് കമ്മിറ്റി ഉടൻ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും.

മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷത്തെ സസ്പെൻസിനൊടുവില്‍ പുറത്തുവന്നതിന്റെ ബാക്കിപത്രമാണ് താരസംഘടനയിലെ കൂട്ടരാജി. നേരത്തെ ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടർന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേല്‍ക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നു. ഇതോടെ താരസംഘടന കടുത്ത സമ്മർദത്തിലായി. തുടർന്ന് വിശദീകരണം നല്‍കാൻ പ്രസിഡന്റ് മോഹൻലാല്‍ നേരിട്ട് വാർത്താ സമ്മേളനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അസൗകര്യംമൂലം എത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിച്ചു.

മോഹൻലാല്‍ റിപ്പോർട്ടിനെക്കുറിച്ച്‌ പ്രതികരിക്കാത്തതിനെതിരേയും വിമർശനമുയർന്നിരുന്നു. നടിമാർക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാർ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയർന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവൻ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചർച്ചകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂട്ട രാജി.

അടിമുടി ആണധികാരവാഴ്ചയുടെ രംഗമാണ് സിനിമയെന്നാണ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. ലൈംഗികപീഡനമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു പ്രമുഖനടൻ മുൻപുനടത്തിയ ‘മാഫിയ’ വിശേഷണം ശരിവെച്ച്‌, ഒരു പ്രബലസംഘത്തിന്റെ സ്വാധീനത്തിലാണ് മലയാളസിനിമയെന്നും കമ്മിറ്റി വെളിപ്പെടുത്തി. എതിർക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവർ വാഴിക്കില്ല. അങ്ങനെചെയ്യുന്നവരെ വിലക്കുന്നതാണ് മലയാളസിനിമയിലെ ഇന്നത്തെ പ്രവണതയെന്നും സമിതി തുറന്നടിച്ചു.

മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോപോലും സ്ത്രീകള്‍ക്കു സൗകര്യമൊരുക്കാതെയുള്ള മനുഷ്യാവകാശലംഘനത്തില്‍ ‘അമ്മ’ പോലുള്ള സംഘടനകളില്‍ പരാതിവന്നിട്ടും ഫലമില്ല. സംഘടനകളും യൂണിയനുകളുമൊക്കെ നിയമവിരുദ്ധമായി ചലച്ചിത്രരംഗത്ത് വിലക്കേർപ്പെടുത്തുന്നതും പതിവ്. സിനിമയില്‍ 2000 വരെ തൊഴില്‍ കരാറുണ്ടായിരുന്നില്ല. നിർമാതാവും നായികാനായകന്മാരും തമ്മിലുള്ളതൊഴിച്ച്‌ മറ്റാരും കരാറുണ്ടാക്കുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ അക്കമിട്ടുപറഞ്ഞ കമ്മിറ്റി, ശക്തമായ നിയമവും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാൻ സ്വതന്ത്ര ഫോറവും ട്രിബ്യൂണലും രൂപവത്കരിക്കാനും ശുപാർശ നല്‍കി.

ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ‘വിമൻ ഇൻ സിനിമാ കളക്ടീവി’ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ ഒന്നാം പിണറായി സർക്കാർ 2017 നവംബർ 16-ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബർ 31-ന് സമിതി റിപ്പോർട്ട് കൈമാറിയെങ്കിലും സർക്കാർ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച്‌ ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുള്‍ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടു. ഇതിനെതിരേ, നിർമാതാവ് സജിമോൻ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച്‌ റിപ്പോർട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സർക്കാർ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹർജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്ബേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്കാരികവകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സുഭാഷിണി തങ്കച്ചി റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *